കൊടകര: ഏകാന്ത ജീവിതത്തിനിടെ കവിതകളെഴുതിയും പാട്ടെഴുതി സ്വയം ഈണമിട്ട് ആലപിച്ചും ജീവിതത്തെ സര്‍ഗാത്മകമാക്കുകയാണ് 66കാരിയായ കൊടകര വാഴേപ്പറമ്പില്‍ രാധാമണി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ ക്ലാസിക്കല്‍ സംഗീത പഠനമോ ഇല്ലെങ്കിലും വായനയിലൂടെയും സംഗീതാസ്വാദനത്തിലൂടെയും കൈവന്നതാണ് രാധാമണിയുടെ രചനാ പാടവം. കൊടുങ്ങല്ലൂര്‍ അഴീക്കോട് അപ്പുക്കുട്ടന്-സരസ്വതി ദമ്പതികളുടെ മകളാണ് രാധാമണി.
കുട്ടിക്കാലത്തെ വേനലവധികളില്‍ കാഥികനായിരുന്ന അമ്മാവന് പറവൂര്‍ ഗോപിനാഥിെൻറ കഥാപ്രസംഗ ട്രൂപ്പിനൊപ്പം പോകുമായിരുന്നു. കഥാപ്രസംഗത്തിെൻറ ഇടവേളകളില്‍ 10 വയസ്സുകാരിയായ രാധാമണി പാടിയ പാട്ടുകള്‍ ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. അറിയപ്പെടുന്ന ഗായികയാകാനായിരുന്നു ചെറുപ്പത്തിലേ മോഹം. വളര്‍ന്നപ്പോള്‍ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ രാധാമണി ആ മോഹം മനസ്സിലൊളിപ്പിച്ചു. വിവാഹ ശേഷം കൊടകരയിലേക്കു ജീവിതം പറിച്ചുനട്ടപ്പോള്‍ ഉപജീവന മാര്‍ഗമായി തയ്യല്‍ ജോലി സ്വീകരിച്ചു.
കൊടകര ബി.എസ്.എല്‍.എല്‍ ഓഫിസിനു പിറകുവശത്തുള്ള ലക്ഷംവീട്ടില്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ജീവിതയാത്ര തുടര്‍ന്നു. മക്കളുടെ വിവാഹം കഴിഞ്ഞതോടെ രാധാമണി ഒറ്റക്കായി. ഉറങ്ങിക്കിടന്ന സര്‍ഗവൈഭവങ്ങളെ രാധാമണി തേച്ചുമിനുക്കിയെടുത്തത് ഈ ഏകാന്ത ജീവിതത്തിനിടെയാണ്. ഒട്ടേറെ കവിതകളും പാട്ടുകളും ഈ കാലയളവില്‍ രാധാമണി രചിച്ചു. ഇരുപതിലേറെ കവിതകള്‍, മുപ്പതോളം ലളിതഗാനങ്ങള്‍, 20 ക്രിസ്തീയ ഭക്തിഗാനങ്ങള്‍, മൂന്ന് മുസ്ലിം ഭക്തിഗാനങ്ങള്‍ എന്നിവ രാധാമണിയുടെ തൂലികത്തുമ്പിലൂടെ പിറവിയെടുത്തു.
ഒറ്റപ്പെട്ടവരുടെ വേദനകള്‍ വരികളിലേക്ക് ആവാഹിച്ചവയാണ് കവിതകളില്‍ പലതും. സംഗീത നാടക അക്കാദമിയിലുള്പ്പടെ അരങ്ങേറിയ രുഗ്മണിയുടെ വാപ്പസി എന്ന നാടകത്തിലെ ഗാനം രാധാമണി രചിച്ചതാണ്. ആറാം ക്ലാസ് വരെ മാത്രം പഠിച്ച രാധാമണിക്ക് ഒരു പാട് വായിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. എങ്കിലും സമ്പന്നമായൊരു പദാവലി ഇവരുടെ രചനകളിലുണ്ട്. സംഗീതം പഠിച്ചിട്ടില്ലാത്ത രാധാമണിക്ക് രാഗങ്ങളുമറിയില്ല. എങ്കിലും എഴുതുന്ന ഗാനങ്ങള്‍ ഈണമിടുന്നതും ആലപിക്കുന്നതും രാധാമണി തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.