പരസ്യ സംവാദത്തിന് തയാറെന്ന് വി.ഡി. സതീശൻ; 'സർക്കാറിനെ വിചാരണ ചെയ്യാനുള്ള അവസരമായി എടുക്കും'

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പരസ്യ സംവാദത്തിന് യു.ഡി.എഫ് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംവാദം സർക്കാറിനെ വിചാരണ ചെയ്യാനുള്ള അവസരമായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്യ സംവാദത്തിന് ജെയ്ക് തയാറായാൽ ചാണ്ടി ഉമ്മനെ തന്നെ വിടാം. ഏഴ് വർഷത്തെ പിണറായി ഭരണവും ഇന്നത്തെ സാഹചര്യവും ചർച്ചയാക്കാം. കഴിഞ്ഞ മാർച്ച് 31നും ജൂലൈ 31നും ഇടയിലുള്ള സമയത്ത് ഈ സംസ്ഥാനത്തെ ജനങ്ങളെ ഇരുമ്പുകൂടം കൊണ്ട് അടിക്കുകയായിരുന്നു സർക്കാർ. കെട്ടിടനികുതി, വെള്ളക്കരം, വൈദ്യുതി ചാർജ്, ഇന്ധനസെസ് എല്ലാം വർധിപ്പിച്ചു. രൂക്ഷമായ വിലക്കയറ്റമാണ്. സപ്ലൈകോ പൂട്ടാൻ പോവുകയാണ്. മാവേലി സ്റ്റോറിലെന്നും ഒരു സാധനം പോലുമില്ല. ജനം പൊറുതിമുട്ടി നിൽക്കുകയാണ്. അതൊക്കെയാണ് ചർച്ച ചെയ്യാനുള്ളത്.

പുതുപ്പള്ളി മാത്രമല്ല ചർച്ച ചെയ്യാനുള്ളത്. സംവാദത്തിന് തയാറായാൽ സർക്കാറിനെ വിചാരണ ചെയ്യാനുള്ള അവസരമായി ഞങ്ങളതിനെ എടുക്കും.

ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ ജീവിച്ചിരിക്കാത്ത ഉമ്മൻ ചാണ്ടിയെ ഇവർ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ എന്ത് സംസാരിച്ച് വന്നാലും അവസാനം ഉമ്മൻ ചാണ്ടിയിലെത്തും. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ജനങ്ങൾ ചർച്ച ചെയ്യാതിരിക്കില്ല. എത്ര നിന്ദ്യമായിട്ടാണ് അദ്ദേഹത്തെ അപമാനിച്ചത്. അതും ഏത് പ്രായത്തിൽ. ഇതൊക്കെ പുതുപ്പള്ളിയിലെ ജനങ്ങൾ ചർച്ചചെയ്യും.

ചാണ്ടി ഉമ്മന്‍റെ കാറിന്‍റെ വീൽ നട്ടുകൾ ഊരിയത് സംബന്ധിച്ച് പൊലീസ് അന്വേഷിക്കട്ടെ. സ്ഥാനാർഥി വോട്ടുപിടിക്കാനും ആളുകളെ കാണാനും പോകുമ്പോളാണ് ഈ സംഭവം. ഇത് കണ്ടില്ലായിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - ready for public debate says VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.