പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ നെല്‍വയല്‍ നികത്തല്‍ അടൂര്‍ റവന്യൂ ഡിവിഷനൽ ഓഫിസ് കേന്ദ്രീകരിച്ചെന്ന് വിജിലന്‍സ്. നിയമം ലംഘിച്ച് പട്ടാപ്പകൽ കലക്ടറേറ്റിനുസമീപം റിങ് റോഡിൽ നെൽവയൽ നികത്തിയ സംഭവത്തില്‍ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഡേറ്റാ ബാങ്കിൽപെട്ട നിലം സംരക്ഷിക്കേണ്ട റവന്യൂ- കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഗുരുതര നിയമ ലംഘനം നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. നിലം തരം തിരിച്ച് നല്‍കുന്നതിലും വീഴ്ച സംഭവിച്ചു.
പത്തനംതിട്ട നഗരസഭയിലെ ഭരണപക്ഷത്തെ രണ്ട് കൗണ്‍സിലര്‍മാര്‍ക്കെതിരായ വാട്സ് ആപ് ചാറ്റ് തെളിവായി അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. നഗരസഭയിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്തെ കുന്നിടിച്ച് നിരത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തേയും ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതെന്നാണ് വിവരം.
ഇതിനുപുറമെ, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്, ജില്ല കൃഷി ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പങ്കും സംഘം അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി ഇനത്തില്‍ ഇ-പേമെന്റ് വഴിയാണ് പണമിടപാടുകള്‍ നടന്നിരിക്കുന്നത്. ഇതില്‍ നാല് ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെ അക്കൗണ്ട് വഴിയാണ് പണം കൈപ്പറ്റിയത്.
ജില്ലയില്‍ അനധികൃതമായി മണ്ണ് കടത്തുന്നത് റിപ്പോര്‍ട്ട് ചെയ്യണമെന്ന സ്പെഷല്‍ ബ്രാഞ്ചിന് ലഭിച്ച നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നിലം നികത്തുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. ഭരണകക്ഷിയില്‍പെട്ട കൗണ്‍സിലര്‍മാര്‍ നേരിട്ടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ട് അനുമതി തരപ്പെടുത്തി നല്‍കുന്നത്.
ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലം തരം മാറ്റി നല്കുന്നതിൽ പത്തനംതിട്ട വില്ലേജിൽ ഗുരുതര നിയമലംഘനങ്ങൾ വ്യാപകമായി നടന്നിട്ടുണ്ട്. റിങ് റോഡില്‍ നാലിടത്താണ് അനധികൃതമായി നിലംനികത്തുന്നത്. മുന്‍ കലക്ടര്‍ സ്റ്റോപ് മെമ്മോ കൊടുത്ത പാടശേഖരിത്തിനുപോലും നിലംനികത്താന്‍ ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുണ്ട്.
നഗരസഭയില്‍ നിലം നികത്തി അഞ്ച് സെന്റ് വീട് വെക്കാന്‍ മാത്രം അനുമതി നൽകുന്ന സ്ഥാനത്ത് 10 മുതല്‍ 20 സെന്റ് പാടശേഖരം വരെ ഒരു മാനദണ്ഡവും പാലിക്കാതെ നികത്തുന്നുണ്ട്. ഇതുമൂലം പല കൈത്തോടുകളുടെയും നീരൊഴുക്കിനെ സാരമായി ബാധിച്ചു. ജില്ലയില്‍ അടൂര്‍, പത്തനംതിട്ട നഗരസഭകളിലാണ് വ്യാപകമായി നിലം നികത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.