തിരുവനന്തപുരം: വർധിക്കുന്ന പോക്സോ കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ തസ്തികകൾ സൃഷ്ടിച്ച് പൊലീസിൽ പ്രത്യേക സംവിധാനത്തിന് രൂപം നൽകാൻ ശിപാർശ. ഇതിന് 1363 തസ്തികകൾ വേണ്ടിവരും.
789 പുതിയ തസ്തിക സൃഷ്ടിക്കണമെന്നും 574 ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകണമെന്നും ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസിന് നൽകിയ ശിപാർശയിൽ ഡി.ജി.പി അനിൽ കാന്ത് പറഞ്ഞു. മതിയായ ഉദ്യോഗസ്ഥരുടെ അഭാവം പോക്സോ കേസന്വേഷണത്തെ ബാധിക്കുന്നുണ്ട്.
ആ സാഹചര്യത്തിൽ അടിയന്തരമായി പുതിയ 401 എണ്ണമടക്കം 478 തസ്തിക അനുവദിച്ച് െഎ.ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംവിധാനം തുടങ്ങണമെന്നാണ് ശിപാർശ.
സംസ്ഥാനത്ത് 12,986 പോക്സോ കേസ് കെട്ടിക്കിടക്കുന്നുണ്ട്. 4266 കേസ് അന്വേഷണത്തിലാണ്. പ്രതിവർഷം മൂവായിരത്തോളം പോക്സോ കേസാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ശരാശരി ഒരു പൊലീസ് സ്റ്റേഷനിൽ 150 കേസ്.
െഎ.ജിയുടെ നേതൃത്വത്തിലുള്ള സംവിധാനത്തിൽ സോണൽ എസ്.പിമാരുടെ രണ്ടു തസ്തിക സൃഷ്ടിക്കണം. അഡീ. എസ്.പിമാരുടെ 20 തസ്തികയും വേണം. 19 പൊലീസ് ജില്ലയിലും നിലവിലെ എ.എസ്.പിമാർക്ക് ചുമതല നൽകണം. കണ്ണൂർ റൂറലിൽ തസ്തിക സൃഷ്ടിക്കണം. 41 എസ്.എച്ച്.ഒ, 43 എസ്.െഎ, 43 എ.എസ്.െഎ, 124 എസ്.സി.പി.ഒ, 124 സി.പി.ഒ തസ്തികകളും സൃഷ്ടിക്കണം. ഇതുവഴി സർക്കാറിന് 21.67 കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.