തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആയി ഉയർത്താനും ഒാഫിസുകളുടെ പ്രവൃത്തിദിനം അഞ്ചായി കുറക്കാനും കുട്ടികൾ കുറഞ്ഞ സ്കൂളുകൾ മറ്റുള്ളവയുമായി ലയിപ്പിക്കാനും കെ. മോഹൻദാസ് അധ്യക്ഷനായ 11ാം ശമ്പള കമീഷൻ റിപ്പോർട്ടിൽ ശിപാർശ. സംസ്ഥാന ജീവനക്കാരുടെ അടുത്ത ശമ്പള പരിഷ്കരണം കേന്ദ്ര പരിഷ്കരണം നടത്തിയശേഷമേ പാടുള്ളൂവെന്നും അവധികൾ കുറക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച അന്തിമ റിപ്പോർട്ട് നിർദേശിക്കുന്നു.
എയ്ഡഡ് മേഖലയിലെ നിയമനങ്ങൾക്കായി റിക്രൂട്ട്മെൻറ് ബോർഡ് രൂപവത്കരിക്കണമെന്നാണ് മറ്റൊരു നിർദേശം. കമീഷൻ രൂപവത്കരിക്കുന്നതുവരെ നിയമനങ്ങൾ നിരീക്ഷിക്കാനും പരാതികൾ പരിേശാധിക്കാനും റിട്ട. ഹൈകോടതി ജഡ്ജിയെ ഒാംബുഡ്സ്മാനായി നിയോഗിക്കണം. എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തണമെന്നും കമീഷൻ നിർദേശിച്ചു. സാമ്പത്തിക പരിമിതിയുടെ സാഹചര്യത്തിൽ പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറക്കണമെന്നും കമീഷൻ ശിപാർശ ചെയ്തു. കമീഷെൻറ നിലവാരം ഉയർന്നതാകണം. ഭാവിയിൽ െക.എ.എസ് നിയമനം പൂർണമായി നേരിട്ട് നടത്തണമെന്ന് കമീഷൻ നിർദേശിച്ചു.
സർവിസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്ന സംവിധാനം പൂർണമായി അവസാനിപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. അതേസമയം, സാമ്പത്തിക ആനുകൂല്യങ്ങൾ പരിഷ്കരിച്ച് നൽകണമെന്നും എക്സ്ഗ്രേഷ്യ ഉയർത്തണമെന്നും നിർദേശമുണ്ട്. സർക്കാർ സർവിസിലെ ഒ.ബി.സി സംവരണത്തിൽ അതേ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കായി 20 ശതമാനം മാറ്റിവെക്കണമെന്ന് കമീഷൻ ശിപാർശ ചെയ്തു. പിന്നാക്ക വിഭാഗങ്ങളുടെ ക്രീമിലെയർ നിർണയം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടേതിന് തുല്യമാക്കണമെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.