തൃശൂർ: പെരിങ്ങൽകുത്ത് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ താഴ്ത്തി അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി തുടങ്ങി. ഇന്ന് രാവിലെ ആറ് മുതൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയാണ് ഷട്ടറുകൾ തുറന്നത്. രണ്ട് ഷട്ടറുകൾ നാലടി വീതമാണ് ഉയർത്തിയത്.
ജലനിരപ്പ് 421 മീറ്ററിലായപ്പോൾ ഒന്നാം ഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ടും 422 മീറ്ററിൽ എത്തിയപ്പോൾ രണ്ടാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിരുന്നു. 423 മീറ്ററിൽ എത്തിയതോടെ മൂന്നാം ഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് പുറപ്പെടുവിച്ച് അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാൻ നടപടി സ്വീകരിച്ചത്. കെ.എസ്.ഇ.ബിയുടെ മേൽനോട്ടത്തിലുള്ള പെരിങ്ങൽക്കുത്ത് ഡാമിന്‍റെ പരമാവധി ജല സംഭരണശേഷി 423.98 മീറ്ററാണ്.
അതിനിടെ, ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എൻജിനീയർ, റിസർച്ച് ആന്റ് ഡാം സേഫ്റ്റി ഡിവിഷൻ ഇടമലയാറിന് അനുമതി നൽകി ഉത്തരവായി.
പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ തഹസിൽദാർ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ജോയിന്റ് ഡയറക്ടർ, എൽ.എസ്.ജി.ഡി, തൃശൂർ എന്നിവർ സ്വീകരിക്കും. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് മൈക്ക് അനൗൺസ്മെന്റ് മുഖേന നൽകും.
ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.