കൊച്ചി: അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാത്ത പാരമ്പര്യവൈദ്യൻമാർക്കും പ്രകൃതിചികിത്സകർക്കും ചികിത്സകരെന്ന നിലയിൽ രജിസ്ട്രേഷൻ അനുവദിച്ച് 2009ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി റദ്ദാക്കി. 1970ലെ ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ നിയമത്തിന് എതിരാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ്.
1953ലെ ട്രാവൻകൂർ കൊച്ചി മെഡിക്കൽ പ്രാക്ടീഷനേഴ്സ് നിയമം 38ാം വകുപ്പിലെ ഒന്നാം വ്യവസ്ഥപ്രകാരം അംഗീകൃത ബിരുദമില്ലെങ്കിലും ആയുർവേദം, സിദ്ധ, യോഗ, യുനാനി, പ്രകൃതിചികിത്സ തുടങ്ങിയവ ചെയ്യുന്നവർക്കും പാരമ്പര്യ ചികിത്സകർക്കും വ്യവസ്ഥകൾക്ക് വിധേയമായി രജിസ്ട്രേഷൻ നൽകാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ എന്ന സംഘടനയടക്കം നൽകിയ ഒരു കൂട്ടം ഹരജികൾ തീർപ്പാക്കിയാണ് വിധി. ഉത്തരവിെൻറ അടിസ്ഥാനത്തിൽ രജിസ്േട്രഷൻ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ തള്ളുകയും ചെയ്തു.
എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ചികിത്സക്ക് യോഗ്യതയും നിലവാരവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര നിയമം വന്നത്. മെഡിക്കൽ പ്രവേശനത്തിന് കുറഞ്ഞ യോഗ്യത, പഠന കാലാവധി, പാഠ്യക്രമം തുടങ്ങിയവയുടെ കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത നിലവാരമാണ് ലക്ഷ്യമിട്ടത്. അതിനാലാണ് ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി തുടങ്ങിയ ചികിത്സ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിശ്ചിത യോഗ്യത നിർബന്ധമാക്കി വ്യവസ്ഥകൾ കൊണ്ടുവന്നത്. യോഗ്യതയില്ലാത്തവരെ മാറ്റിനിർത്താൻ കൂടിയുള്ള മാർഗമാണ് രജിസ്ട്രേഷൻ. ഈ ലക്ഷ്യം തകിടം മറിക്കുന്നതാണ് ഉത്തരവ്. അംഗീകൃത യോഗ്യതയില്ലാത്ത ചികിത്സകർക്കും രജിസ്ട്രേഷന് അനുമതി ഭരണഘടനവിരുദ്ധവുമാണ്. 35 വയസ്സും എസ്.എസ്.എൽ.സിയോ തത്തുല്യമോ ആയ വിദ്യാഭ്യാസ യോഗ്യതയുമുള്ളയാൾക്ക് പത്തുവർഷം ചികിത്സ മേഖലയിൽ പരിചയമുണ്ടെങ്കിൽ രജിസ്ട്രേഷൻ അനുവദിക്കാമെന്നായിരുന്നു ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.