മംഗളൂരു/ബംഗളൂരു: ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ (30) മൃതദേഹവുമായി ബന്ധുക്കൾ കേരളത്തിലേക്ക് പുറപ്പെട്ടു. കാർവാറിലെ ഗവ. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അർജുന്റെ ഭൗതികശരീരം വെള്ളിയാഴ്ച വൈകീട്ട് ഡി.എൻ.എ പരിശോധാഫലം വന്നതിന് പിന്നാലെ കുടുംബത്തിന് കൈമാറി.
നിറകണ്ണുകളോടെ അർജുന്റെ സഹോദരൻ അഭിജിത്തും ഭാര്യാസഹോദരൻ ജിതിനും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ലോറിയുടെ കാബിനിൽനിന്ന് ലഭിച്ച അർജുന്റെ ഫോണും വസ്ത്രങ്ങളും മറ്റും ആംബുലൻസിലേക്ക് മാറ്റി. കോഴിക്കോട്ടേക്ക് തിരിക്കുന്നതിനിടെ ഒരിക്കൽകൂടി ഷിരൂരിലെ ദുരന്തസ്ഥലത്ത് വാഹനവ്യൂഹം നിർത്തി. സങ്കടം പെയ്യുന്ന മനസ്സോടെ അഞ്ചുമിനിറ്റോളം സർവരുടെയും പ്രാർഥന.
ജീവനെടുത്ത ഗംഗാവാലി പുഴയുടെ തീരത്തുനിന്ന് അവസാനയാത്രയും ചൊല്ലി അർജുന് യാത്രയയപ്പ്. കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽനിന്ന് ആംബുലൻസ് കേരള അധികൃതർ ഏറ്റുവാങ്ങി.
ശനിയാഴ്ച രാവിലെ ആറോടെ വാഹനവ്യൂഹം കണ്ണാടിക്കലിലെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.