തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ വ്യവസായ-വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെ അന്വേഷണം. പൊലീസ് റിപ്പോർട്ട് എതിരായതോടെയാണിത്. തന്റെ ഫോൺ ഹാക്ക് ചെയ്ത് പുറത്തുനിന്നുള്ള നിയന്ത്രണത്തിൽ ഗ്രൂപ്പുണ്ടാക്കിയെന്ന ഗോപാലകൃഷ്ണന്റെ വാദം തള്ളുന്ന റിപ്പോർട്ട് സിറ്റി പൊലീസ് കമീഷണർ എസ്. സ്പർജൻകുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. റിപ്പോർട്ട് ഡി.ജി.പി ശനിയാഴ്ച സർക്കാറിന് കൈമാറിയേക്കും. സ്വന്തം ഫോണിൽനിന്നാണ് മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുണ്ടാക്കിയതെന്ന് തെളിഞ്ഞതോടെ സർവിസ് ചട്ടലംഘനമായാണ് സർക്കാർ കണക്കാക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഉന്നതസ്ഥാനം ലഭിക്കാനുള്ള ഉദ്ദേശ്യത്തോടെയാണിതെന്ന സൂചന ലഭിച്ചതിനാൽ നടപടി കടുത്തേക്കും.
ആദ്യപടിയായി വിശദീകരണം തേടി പൊതുഭരണവകുപ്പിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് വിവരം. കഴിഞ്ഞ നാലിന് ഗോപാലകൃഷ്ണൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ കണ്ട് പൊലീസിന് നൽകിയ സമാന വിശദീകരണം നൽകിയിരുന്നു.
മെറ്റക്കും ഗൂഗിളിനും പൊലീസ് ഇ-മെയിലായി നൽകിയ നോട്ടീസിന്, ഹാക്കിങ് കണ്ടെത്താനായില്ലെന്ന മറുപടിയാണ് ലഭിച്ചത്. റിമോട്ട് ഹാക്കിങ് നടന്നിട്ടില്ലെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നുമാണ് ഗൂഗിളിന്റെ മറുപടി. പ്ലേ സ്റ്റോറിൽനിന്ന് അല്ലാത്ത ആപ്പുകൾ ഫോണിൽ ഉപയോഗിച്ചിട്ടില്ലെന്നും ഗൂഗിൾ കണ്ടെത്തി. മെറ്റയും ഹാക്കിങ് വാദം തള്ളി. മറ്റ് ഐ.പി വിലാസത്തിൽനിന്ന് ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാവും അറിയിച്ചു. ഇരു ഫോണുകളിലും നടത്തിയ ഫോറൻസിക് പരിശോധനയിലും ഹാക്കിങ് സ്ഥിരീകരിക്കാനായില്ല.
ഫോണുകൾ ഫോർമാറ്റ് ചെയ്തതിനാൽ കൂടുതൽ കാര്യങ്ങൾ കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പുകൾ ഗോപാലകൃഷ്ണൻ തന്നെയാണ് ഉണ്ടാക്കിയതെന്ന് ഉറപ്പിക്കുന്ന റിപ്പോർട്ടാണ് പൊലീസിന്റേത്. ഹാക്കിങ് നടന്നെന്ന ഗോപാലകൃഷ്ണന്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നും പൊലീസ് പറയുന്നു.
ഫോൺ ഹാക്ക് ചെയ്തെന്ന വാദം സാധൂകരിക്കാനാണ് ‘മല്ലു ഹിന്ദു ഓഫിസേഴ്സ് ഗ്രൂപ്’ ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞ് ‘മല്ലു മുസ്ലിം ഓഫിസേഴ്സ് എന്ന ഗ്രൂപ് തുടങ്ങിയത്.
കേന്ദ്ര ഡെപ്യൂട്ടേഷനും ഉചിത സ്ഥാനവും ലഭിക്കാൻ ആദ്യ ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ട് കേന്ദ്ര ഉദ്യോഗസ്ഥന് അയച്ചതായും സൂചനയുണ്ട്. സംഭവം നടന്ന് ദിവസങ്ങൾക്കുശേഷമാണ് ഗോപാലകൃഷ്ണൻ പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.