തിരുവനന്തപുരം: മുൻഗണനേതര വിഭാഗങ്ങളായ നീല, വെള്ള റേഷൻ കാർഡുടമകളിൽനിന്ന് റേഷന്‍ പ്രതിമാസം ഒരു രൂപവീതം സെസ് പിരിക്കാൻ നീക്കം. റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ വരുമാന വർധന ലക്ഷ്യമിട്ടാണ് ഒരു രൂപ ‘വെൽഫെയർ ഫണ്ട് സെസ്’ ഇനത്തിൽ ഈടാക്കുക.
ഭക്ഷ്യപൊതുവിതരണ കമീഷണറുടെ റിപ്പോർട്ട് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിച്ചു. നിയമ-ധനവകുപ്പുകളുടെ അംഗീകാരം ലഭിക്കുന്നതോടെ സെസ് പ്രാബല്യത്തിൽവരും. 2022ൽ ഇത്തരമൊരു നീക്കം ഉണ്ടായെങ്കിലും ജനരോഷം ഭയന്ന് ധനവകുപ്പ് ഫയൽ മടക്കി.
മറ്റു ക്ഷേമനിധി ബോർഡുകളിൽ അംശാദായത്തിനൊപ്പം നിശ്ചിത വിഹിതം സർക്കാറും നിക്ഷേപിക്കാറുണ്ടെങ്കിലും 24 വർഷമായി റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിലേക്ക് ഒരു രൂപ പോലും സർക്കാർ നൽകിയിട്ടില്ല. പകരം 14,161 വ്യാപാരികളിൽനിന്ന് പ്രതിമാസം 200 രൂപ ഈടാക്കുകയാണ്.
ക്ഷേമനിധി അംഗത്തിന് പെൻഷനായി 1500 രൂപയും മാരകരോഗം വന്നാൽ (ഒരു തവണ) പരമാവധി 25,000 രൂപയുമാണ് നൽകുന്നത്. 1564 പേരാണ് നിലവിൽ പെൻഷൻ കൈപ്പറ്റുന്നത്. പെൻഷൻ നൽകാൻ മൂന്നു മാസം കൂടുമ്പോൾ 80 ലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്.
ചികിത്സാസഹായമായി 23 ലക്ഷവും നൽകാനുണ്ട്. പുറമെ, റേഷൻ കട മതിയാക്കിയവർക്ക് അംശാദായം തിരികെ കൊടുക്കുന്നതിന് ഒരു കോടിയോളം രൂപയും വേണം. പെൻഷനും ചികിത്സസഹായങ്ങളും മുടങ്ങിയതോടെ ക്ഷേമനിധി ബോർഡിലേക്ക് ഇനി പണമടയ്ക്കില്ലെന്ന് വ്യാപാരികൾ സർക്കാറിന് കത്ത് നൽകിയിരുന്നു. സംസ്ഥാനത്ത് 22,65,322 നീല കാർഡും 29,63,331 വെള്ള കാർഡുമടക്കം 52,28,653 കാർഡാണ് മുൻഗണനേതര വിഭാഗത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.