തിരുവനന്തപുരം: കോഴ്സുകളുടെ അംഗീകാരം പുതുക്കാൻ കേരള, കാലിക്കറ്റ് സർവകലാശാലകൾ യു.ജി.സിയുടെ ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോക്ക് (ഡി.ഇ.ബി) അപേക്ഷ സമർപ്പിച്ചു. ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല കോഴ്സുകൾക്ക് അംഗീകാരമാകുന്നതുവരെ ഇതര സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ/ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾക്ക് സർക്കാർ അനുമതി നൽകിയതിനെതുടർന്നാണിത്. 13 ബിരുദ കോഴ്സുകൾക്കും 13 പി.ജി കോഴ്സുകൾക്കും അംഗീകാരം പുതുക്കാനാണ് കേരള സർവകലാശാല വെള്ളിയാഴ്ച അപേക്ഷ സമർപ്പിച്ചത്. 14 ബിരുദ കോഴ്സുകൾക്കും 12 പി.ജി കോഴ്സുകൾക്കും അംഗീകാരം പുതുക്കാൻ ശനിയാഴ്ചയാണ് കാലിക്കറ്റ് സർവകലാശാല അപേക്ഷിച്ചത്.
അപേക്ഷ സമർപ്പണത്തിനുള്ള അവസാന ദിവസം ശനിയാഴ്ചയായിരുന്നു. കോഴ്സുകളുടെ അംഗീകാരം പുതുക്കിയുള്ള തീരുമാനം ആഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ യു.ജി.സിയുടെ ഡിസ്റ്റൻസ് ബ്യൂറോ പുറപ്പെടുവിക്കും. അപേക്ഷക്കൊപ്പം സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാകും യു.ജി.സി ഉത്തരവിറക്കുക.
ഇതര സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ/ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ നടത്തുന്നതിന് ഒാപൺ സർവകലാശാല ആക്ടിലൂടെ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ഒാപൺ സർവകലാശാല കോഴ്സുകൾക്ക് യു.ജി.സി അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇതര സർവകലാശാലകൾക്കും കോഴ്സ് നടത്താൻ അനുമതി നൽകി ഒാപൺ സർവകലാശാല ആക്ടിലെ 63ാം വകുപ്പ് പ്രകാരം സർക്കാർ ഉത്തരവിറക്കിയത്. ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് വൈഷമ്യങ്ങളുണ്ടെങ്കിൽ നിലവിൽവന്ന് മൂന്ന് വർഷംവരെ ഉത്തരവിലൂടെ സർക്കാറിന് ഇടപെടാൻ അനുമതി നൽകുന്നതാണ് 63ാം വകുപ്പ്.
ആക്ടിന് വിരുദ്ധമായ കാര്യത്തിനാണ് ഉത്തരവിലൂടെ സർക്കാർ അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതര സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസ/ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ വിലക്കിയ ഒാപൺ സർവകലാശാല ആക്ടിലെ വ്യവസ്ഥ ഒാർഡിനൻസിലൂടെ ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.