മലപ്പുറം: പുനഃസംഘടനയുടെ ഭാഗമായി ഒരാൾക്ക് ഒരു പദവി നിബന്ധന കർശനമാക്കി നടപ്പാക്കാൻ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം. ഇതിന്റെ ഭാഗമായി വിവിധ നിയോജകമണ്ഡലം-ജില്ല കമ്മിറ്റികളുടെ ഔദ്യോഗിക പ്രഖ്യാപനം മാറ്റിവെച്ചിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒന്നിലധികം പദവികൾ വഹിക്കുന്നവരുണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് കമ്മിറ്റികൾക്ക് അംഗീകാരം നൽകുക. പാർട്ടി ഭാരവാഹിത്വം വഹിക്കുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങൾ, എം.എൽ.എ, എം.പി, സഹകരണ സ്ഥാപന ഭാരവാഹികൾ എന്നിവരെയാണ് ഈ നിബന്ധന ബാധിക്കുക.
തെരഞ്ഞെടുപ്പ് നടന്ന മലപ്പുറം നിയോജക മണ്ഡലമടക്കമുള്ള കമ്മിറ്റികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. ഒരാൾക്ക് ഒരു പദവി നിബന്ധനയടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കി സംസ്ഥാന നേതൃത്വം അംഗീകാരം നൽകിയ ശേഷമായിരിക്കും മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനമെന്ന് നിയുക്ത പ്രസിഡന്റും കേരള വഖഫ് ബോർഡ് മുൻ ചെയർമാനുമായ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഒരാൾക്ക് ഒരു പദവി നിബന്ധന കർശനമാക്കുന്നതോടെ ജില്ല-സംസ്ഥാന തലങ്ങളിലും മാറ്റങ്ങളുണ്ടാകും. ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി യു.എ. ലത്തീഫ് എം.എൽ.എ അടക്കമുള്ളവർക്ക് മാറേണ്ട സാഹചര്യമുണ്ട്. ജില്ല ജനറൽ സെക്രട്ടറി, എം.എൽ.എ, മലപ്പുറം ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ പദവികൾ യു.എ. ലത്തീഫ് വഹിക്കുന്നുണ്ട്. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണി, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് തുടങ്ങിയവരുടെ പേരുകൾ കേൾക്കുന്നുണ്ട്.
ഫെബ്രുവരി 16, 17, 18 തീയതികളിലാണ് മലപ്പുറം ജില്ല സമ്മേളനം. സമ്മേളനം കഴിഞ്ഞ് ഒരാഴ്ചക്കകം ജില്ല കൗൺസിൽ ചേർന്നാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുക. ഒരു പദവി നിബന്ധന കർശനമായി നടപ്പാക്കിയാണ് പ്രാദേശിക തലങ്ങളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതെന്നതിനാൽ അനിവാര്യ സാഹചര്യത്തിലൊഴികെ സംസ്ഥാന തലത്തിലും ഈ നിബന്ധനയിൽ ഇളവുണ്ടാവില്ല. സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുമ്പോൾ ജനപ്രതിനിധികളടക്കമുള്ളവരുടെ കാര്യത്തിൽ ഇളവ് നൽകുന്ന കാര്യം സെക്രട്ടേറിയറ്റ് ചേർന്ന് തീരുമാനിക്കുമെന്ന് നേരത്തേ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം, വനിത ലീഗിന്റെ പുനഃസംഘടനയിൽ ഒരു പദവി നിബന്ധന വേണ്ടത്ര പാലിച്ചിട്ടില്ല. വനിത ലീഗിന്റെ ഘടന ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്നതിനാലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.