കോഴിക്കോട് :അട്ടപ്പാടി ഐ.ടി.ഡി.പി. മുൻ പ്രോജക്റ്റ് ഓഫീസർ ബി.സി അയ്യപ്പനെതിരെ നടപടി സ്വീകരിക്കണമെന്ന് ധനകാര്യ പിരശോധന റിപ്പോർട്ട്. അഗളിയിലെ അംബേദ്കർ സെറ്റിൽമെന്റ് ഡെവലപ്മെൻറ് പദ്ധതിയിൽ ചിണ്ടക്കി, കാവുണ്ടിക്കൽ, വീട്ടിക്കുണ്ട് ഊരുകളിലെ പ്രവർത്തികൾ പൂർത്തീകരിച്ചതിന്റെ ഫൈനൽ ബിൽ, ഭൂതി വഴി, കള്ളക്കര ഊരുകളിലെ പ്രവർത്തികൾ ചെയ്തതിൻറെ പാർട്ട് ബിൽ എന്നിവ മാറി നൽകുന്നതിൽ ഉത്തരവ് ലംഘിച്ചുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
പട്ടിക വർഗ ഡയറക്ടറുടെ 2022 മാർച്ച് 19ലെ ഉത്തരവ് പ്രകാരം അനുവദിച്ച 1,20,00,000 രൂപ പരിധിയായ ഒരു കോടി രൂപ മറികടക്കുന്നതിനായി ബിൽ തുക വിഭജിച്ച് 60ലക്ഷം വീതം രണ്ട് ബില്ലുകളാക്കി. തുക മുഴുവൻ ജില്ലാ നിർമിതി കേന്ദ്രത്തിന് അനുവദിച്ചു. ഉത്തരവ് ലംഘിച്ച ഈ ഉദ്യോഗസ്ഥനെതിരെ ഭരണ വകുപ്പ് തലത്തിൽ വിശദീകരണം തേടണം. ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് റിപ്പോർട്ട്.
പാലക്കാട് പുതൂർ ഗ്രാമ പഞ്ചായത്തിലെ കിണറ്റുകര, മുരുഗള കോളനി നിവാസികൾക്ക് അപകട രഹിതമായി യാത്ര ചെയ്യുന്നതിനായി താത്കാലിക പാലം നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ സിവിൽ വർക്കുകൾ ചെയ്യാൻ, പ്രീക്വാളിഫിക്കേഷൻ ഇല്ലാത്തതും ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയോ അക്രെഡിറ്റഡ് ഏജൻസിയോ അല്ലാത്തതുമായ അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിക്ക് നൽകി. സൊസൈറ്റിക്ക് മുൻകൂറായി അടിയ - പണിയ പാക്കേജിൽ നിന്നും തുക അനുവദിച്ച് നൽകിയതിനും ബി.സി അയ്യപ്പനെതിരെ നടപടി സ്വീകരിക്കണനെന്ന് റിപ്പോർട്ടിൽ നിർദേസം നൽകി.
പാലക്കാട് ഐ.ടി.ഡി പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിലെ സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടിൽ നാളിതു വരെ സ്വരൂപിക്കപ്പെട്ടിട്ടുള്ള 1,74,36,927 (1.74 കോടി) രൂപയുണ്ട്. ഈ തുക ഉടൻ ക്ലോസ് ചെയ്ത് കാലതാമസം കൂടാതെ തിരിച്ചടക്കണം. ആദിവാസികളുടെ വികസനത്തിന് അനുവദിച്ചത് സമയബന്ധിതമായി ചെലവഴിക്കാതെ കിടന്ന തുകയാണിത്.
ഭൗതിക പരിശോധന നടത്താതെ സാമ്പത്തിക വർഷാവസാനത്തിൽ പർച്ചേസ് ചെയ്തതായി കാണിച്ച് വ്യാജ ബിൽ നൽകിയ അസി. എഞ്ചിനീയർക്ക് ബിൽ തുക അനുവദിച്ച് നൽകിയ പാലക്കാട് പട്ടിക വർഗ ഓഫീസർ എസ്. സജുവിനെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
പാലക്കാട് പട്ടിക വർഗ ഓഫീസുടെ കാര്യാലയത്തിലെ എസ്.ടി.എസ്.ബി അക്കൗണ്ടിൽ 2017-18 വർഷത്തെ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി അല്ലി മൂപ്പൻ കോളനി സോളാർ പവർ പ്ലാൻറിന് അനുവദിച്ച് കെ.എസ്.ഇ.ബിക്ക് ഡെപ്പോസിറ്റ് ചെയ്തു നൽകീയ 40,12,829 രൂപ പലിശ സഹിതം കാലതാമസം കൂടാതെ ബന്ധപ്പെട്ട ആർ.ഒ.പി ശീർഷകത്തിലേക്ക് തിരിച്ചടക്കണം.
പാലക്കാട് വണ്ടാഴി ഗ്രാമ പഞ്ചായത്തിലെ തളികക്കല്ല് കോളനിയിൽ അപ്രോച്ച് റോഡും പാലവും പണിയുന്ന പദ്ധതി നിർവഹണം സംബന്ധിച്ച രണ്ടാമത്തെ പാർട്ട് ബില്ലിനത്തിൽ കോൺടാക്ടർക്ക് നൽകേണ്ട തുകയായ 42,36,676 രൂപയടക്കം 44,42,340 പി.എം.സി ( പ്രൊജക്ട് മാനേജ് മന്റെ് കൺസൾട്ടന്റ്) യായി നിർവഹണ ഏജൻസിയായ സംസ്ഥാന നിർമിതി കേന്ദ്രത്തിനു മാറി നൽകിയ പാലക്കാട് പട്ടിക വർഗ വികസന ഓഫീസർ എം. മല്ലികക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.