കൊച്ചി: കണ്ണൂർ സർവകലാശാലയിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അസിസ്റ്റന്റ് പ്രഫസറായി നിയമിക്കപ്പെട്ട പ്രിയ വർഗീസിന് വീണ്ടും തിരിച്ചടി. ഗവേഷണ കാലം അധ്യാപന കാലമായി കണക്കാക്കാനാവില്ലെന്ന് കാണിച്ച് യു.ജി.സി ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയതാണ് തിരിച്ചടിയായത്. പ്രിയവർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ കോടതി ഒരു മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്. പ്രിയയെ അസോസിയേറ്റ് പ്രഫസറാക്കിയ നിയമനം ഹൈകോടതി മുമ്പ് താൽക്കാലികമായി തടഞ്ഞിരുന്നു. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹരജിയിലായിരുന്നു നടപടി. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. നേരത്തേ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ചിരുന്നു.
പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നെന്നു വ്യക്തമാക്കുന്ന രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവർക്ക് ഇന്റർവ്യൂവിന് കുറവ് മാർക്ക് നൽകിയെന്നാണ് വ്യക്തമാകുന്നത്.ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള റിസർച്ച് സ്‌കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനാണ്. ഇതോടൊപ്പം ഏറ്റവും കുറവ് അധ്യാപന പരിചയവും പ്രിയയ്ക്കാണ്. ജോസഫ് സ്‌കറിയ എന്നയാൾക്കാണ് ഏറ്റവും കൂടുതൽ പോയിന്റ്; 651. എന്നാൽ, പ്രിയയ്ക്ക് 156 പോയിന്റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.