കോഴിക്കോട് : സുപ്രീംകോടതി വിധിയുടെയും പട്ടികജാതി -ഗോത്ര കമീഷൻ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡപ്രകാരം ദലിത് ഉദ്യോഗാർത്ഥികൾക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നിയമനം നൽകണമെന്നും സംവരണ തസ്തിക മുൻകൂട്ടി വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യുക, സംവരണ ബാക്ക് ലോഗ് നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫോറം ഫോർ സോഷ്യൽ ജസ്റ്റിസിന്റെ നേതൃത്വത്തിൽ കലിക്കറ്റ് യൂനിവേഴ്സ്റ്റിക്ക് മുൻപിൽ സൂചനാസമരവും അനിശ്ചിതകാല സമരപ്രഖ്യാപനവും നടത്തി.
വിദ്യാർഥി-ഉദ്യോഗാർഥി ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരം ചിന്തകനും എഴുത്തുകാരനും ദലിത് സമുദായ മുന്നണി ചെയർമാനുമായ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നിയമനത്തിനായി നടപ്പാക്കിയ മാനദണ്ഡം ഡോ. അനുപമ നൽകിയ കേസിൽ സുപ്രീം കോടതി റദ്ദ് ചെയ്തതാണെന്നും അതിനാൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നടപ്പിലാക്കിയ തെറ്റായ മാനദണ്ഡത്തിനു പകരം കെ.എസ് ആൻഡ് എസ്.എസ്.ആർ ന്റെ 14 മുതൽ 17 വരെയുള്ള റൂൾ പ്രകാരം സംവരണ റൊട്ടേഷൻ പുന:ക്രമീകരിച്ച് അസി. പ്രഫസർ തസ്തികയിൽ ഡോ. ശ്യാംകുമാർ, ഡോ. താര, ഡോ. സുരേഷ് എന്നിവരെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നവംബർ പകുതിയോടെ കോഴിക്കോട് വെച്ച് ബഹുജൻ കൺവെൻഷനും സംവരണ നിഷേധത്തിനെതിരെ ആയിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് യൂനിവേഴ്സിറ്റിയിലേക്ക് സംവരണ സംരക്ഷണ ബഹുജന മാർച്ച് സംഘടിപ്പിക്കും. തുടർന്ന് അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു. എൻലൈറ്റൻ്റ് യൂത്ത് മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി കെ. സന്തോഷ് കുമാർ സ്വാഗതം പായുകയും എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതി കൺവീനർ ഒ.പി രവീന്ദ്രൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.
പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറും സംവരണ സമുദായ മുന്നണി വർക്കിങ് പ്രസിഡന്റുമായ വി.എൽ.ജോഷി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ആർ.കെ അജയ്‌ഘോഷ്, സാംസ്കാരിക പ്രവർത്തകൻ ഷജിൽ, ആർ.എം.പി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശൻ, ഷാജി ബംഗാളൻ, വേലായുധൻ പുളിക്കൽ, ബാബുരാജ് കോട്ടക്കുന്ന്), സുഗാനപ്രസാദ് പ്രഫ. ഹരിദാസൻ, പി.ടി.ഹരിദാസ്, അറുമുഖൻ, മഹേഷ് ശാസ്ത്രി, വേണു കുനിയിൽ, വി.എ. ബാലകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.