തിരുവനന്തപുരം: ടിക്കറ്റ് റിസർവേഷനുള്ള സമയപരിധി വെട്ടിക്കുറച്ച റെയിൽവേ നടപടി അവധിക്കാല യാത്രക്കാരെയും ഉത്സവ സീസൺ യാത്രക്കാരെയും ബാധിക്കും. നിലവിൽ നാലുമാസംവരെ മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്ന സൗകര്യം റെയിൽവേ ബോർഡിന്റെ പുതിയ തീരുമാനത്തോടെ രണ്ടുമാസമായി പരിമിതപ്പെടും. അവധിക്കാലവും മറ്റും മുൻകൂട്ടി കണ്ട് കുടുംബസമേതം യാത്ര ആസൂത്രണം ചെയ്യുന്നവർ നിരവധി പേരാണ്. ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളാണ് ഇത്തരം യാത്രക്കാരിൽ ഏറെയും. ഉത്സവ സീസണുകൾ മുൻകൂട്ടി കണ്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും സമാന രീതിയാണ് സ്വീകരിക്കുന്നത്.
മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ 21 ശതമാനം പേരും യാത്രാ തീയതിയടുക്കുമ്പോൾ ടിക്കറ്റുകൾ റദ്ദാക്കുന്നെന്നതാണ് സമയപരിധി കുറക്കുന്നതിന് കാരണമായി റെയിൽവേ ചൂണ്ടിക്കാട്ടുന്നത്. ശേഷിക്കുന്ന 79 ശതമാനം പേരിൽ നാലു ശതമാനം ടിക്കറ്റ് റദ്ദാക്കാതെ യാത്ര ഉപേക്ഷിക്കുന്നു. ഇത്തരം ടിക്കറ്റുകൾ ആൾമാറാട്ടത്തിനും ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്നതിനും ഇടയാക്കുന്നെന്നാണ് കണ്ടെത്തൽ. ഈ അനാരോഗ്യ പ്രവണത ഒഴിവാക്കാനാണ് പുതിയ സമയപരിധി എന്ന് റെയിൽവേ വിശദീകരിക്കുന്നു. അതേസമയം, റിസർവേഷനെക്കുറിച്ച് നിരവധി പരാതികളുണ്ട്. നാലുമാസം മുമ്പ് ശ്രമിച്ചാൽ പോലും ചില ദീർഘദൂര വണ്ടികളിൽ ടിക്കറ്റ് കിട്ടില്ല എന്നതാണ് അതിലൊന്ന്. ഈ പരാതി നിലനിൽക്കുമ്പോഴാണ് സമയപരിധി വീണ്ടും കുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.