തിരുവനന്തപുരം: ഹയർസെക്കൻഡറി പ്രിൻസിപ്പൽ തസ്തികയിലേക്ക് യോഗ്യരായ ഹൈസ്കൂൾ പ്രഥമാധ്യാപകർക്ക് (എച്ച്.എം) സ്ഥാനക്കയറ്റം നൽകാൻ ഹയർസെക്കൻഡറിയിൽ പഠിപ്പിക്കാനുള്ള വിഷയമുണ്ടായിരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്. പ്രമോഷൻ ലഭിക്കേണ്ട ഹൈസ്കൂൾ പ്രഥമാധ്യാപകർക്ക് ഹയർസെക്കൻഡറിയിൽ പഠിപ്പിക്കേണ്ട വിഷയം ഉണ്ടായിരിക്കണം.
പ്രഥമാധ്യാപകന്റെ വിഷയം സ്കൂളിലെ ഹയർസെക്കൻഡറിയിൽ ഇല്ലെങ്കിൽ പ്രമോഷൻ നൽകേണ്ടതില്ല. നേരത്തേ വിഷയം ഇല്ലെങ്കിൽ പഠിപ്പിക്കുന്നതിൽനിന്ന് ഒഴിവാക്കിയായിരുന്നു സ്ഥാനക്കയറ്റം നൽകിയിരുന്നത്. വിഷയമുണ്ടെങ്കിലും അതേ വിഷയം പഠിപ്പിക്കുന്ന ഹയർസെക്കൻഡറി ടീച്ചർ സ്കൂളിൽ ഉണ്ടെങ്കിൽ പ്രഥമാധ്യാപകന് പ്രിൻസിപ്പലായുള്ള സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. നേരത്തേ അതേ വിഷയം പഠിപ്പിക്കുന്ന അധ്യാപകന് വേണ്ടി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് പ്രഥമാധ്യാപകന് പ്രിൻസിപ്പൽ നിയമനം നൽകിയിരുന്നത്.
ഹയർസെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിന് 2:1 അനുപാതം തുടരുന്നത് അവസാനിപ്പിക്കണമെന്നും തസ്തിക പൂർണമായും ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥാനക്കയറ്റ തസ്തികയാക്കി മാറ്റണമെന്നും വ്യാപക ആവശ്യം ഉയർന്നിരുന്നു. രണ്ട് പ്രിൻസിപ്പൽ തസ്തിക ഹയർസെക്കൻഡറി അധ്യാപകർക്ക് നൽകുമ്പോൾ ഒന്നിൽ ഹയർസെക്കൻഡറി അധ്യാപക യോഗ്യതയുള്ള ഹൈസ്കൂൾ പ്രഥമാധ്യാപകനെ നിയമിക്കണമെന്നാണ് (2:1 അനുപാതം) വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥ. ഈ ആനുകൂല്യത്തിന്റെ ബലത്തിലാണ് യോഗ്യരായ ഹയർസെക്കൻഡറി അധ്യാപകരെ മറികടന്ന് ഒരു ദിവസം പോലും ഹയർസെക്കൻഡറി അധ്യാപന പരിചയമില്ലാത്ത ഹൈസ്കൂൾ പ്രഥമാധ്യാപകരെ പ്രിൻസിപ്പലായി നിയമിക്കുന്നത്.
ഹൈസ്കൂൾ പ്രഥമാധ്യാപകൻ പ്രിൻസിപ്പലാകുമ്പോൾ പഠിപ്പിക്കേണ്ട വിഷയം ഇല്ലെങ്കിൽ അധ്യാപനത്തിൽനിന്ന് ഒഴിവാക്കുന്നതായിരുന്നു രീതി. ഇതുവഴി സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കപ്പെട്ടു. സർക്കാറിന് വൻ സാമ്പത്തിക ബാധ്യത വരുന്നെന്ന് കണ്ടാണ് ഈ വ്യവസ്ഥകൾ റദ്ദാക്കിയത്. ഉത്തരവിനനുസൃതമായി കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ഭേദഗതി വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.