മഹാരാജാസ് കോളജിൽ ഇനി നിയന്ത്രണങ്ങൾ കടുക്കും; വൈകിട്ട് ആറിന് ശേഷം വിദ്യാർഥികൾക്ക് കാമ്പസിൽ തുടരാനാവില്ല

കൊച്ചി: വിദ്യാർഥി സംഘർഷത്തെ തുടർന്ന് ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന എറണാകുളം മഹാരാജാസ് കോളജിൽ കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസിനുള്ളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കില്ല. കാമ്പസിൽ ആറിന് ശേഷം തുടരണമെങ്കിൽ ഇനിമുതൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി വാങ്ങണം. 

വിദ്യാർഥികൾ തിരിച്ചറിയിൽ കാർഡ് ധരിക്കുന്നത് നിർബന്ധമാക്കാനും കോളജിലെ സെക്യൂരിറ്റി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന അധ്യാപക രക്ഷാകർതൃ സംഘടന ജനറല്‍ബോഡി യോഗത്തിലാണ് തീരുമാനം.

അധ്യാപക-രക്ഷാകർതൃ യോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടത്തും, വര്‍ക്കിങ്​ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനം ശക്തമാക്കും, അഞ്ച് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയോഗിക്കും തുടങ്ങിയവയാണ് മറ്റു തീരുമാനങ്ങൾ.

അതേ സമയം, കോളജ് തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനും തുടർനടപടി ചർച്ച ചെയ്യാനുമായി ചൊവ്വാഴ്ച വിദ്യാർഥി സംഘടനാ നേതാക്കളുടെയും അധികൃതരുടെയും യോഗം നടക്കും. ജില്ല കലക്ടർ പങ്കെടുത്തേക്കും. വിദ്യാർഥി സംഘടനകളുടെ ജില്ലാ നേതാക്കളാണ് പങ്കെടുക്കുക.

ഇന്ന് ചേർന്ന അധ്യാപക രക്ഷാകർതൃ സംഘടനാ ജനറല്‍ബോഡിയിൽ പ്രിന്‍സിപ്പല്‍ വി.എസ്. ജോയ്,  സെക്രട്ടറി എം.എസ്. മുരളി, ഗവേണിങ്​ ബോഡി ചെയര്‍മാന്‍ ഡോ.എന്‍. രമാകാന്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോളജിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വിദ്യാർഥി സംഘർഷമുണ്ടായത്. സംഭവത്തിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെയും ഒരു കെ.എസ്.യു പ്രവർത്തകനെയും അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Restrictions to be tightened in Maharaja's College; Students cannot stay in the campus after 6 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.