കോഴിക്കോട്: രാജ്യത്തെ സർവകലാശാലകളിലെ സംവരണ അട്ടിമറിക്കെതിരെ ലേഖനമെഴുതിയ എഴുത്തുകാരനും ദലിത് ചിന്തകനും പ്രഭാഷകനുമായ ഡോ. കെ.എസ് മാധവന് കാലിക്കറ്റ് സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ ചിന്തകനും അധ്യാപകനുമായ ഡോ. പി.കെ. പോക്കർ. ഡോ. കെ.എസ്. മാധവനെതിരായ പ്രതികാര നടപടി സർവകലാശാല നിർത്തിവെക്കണമെന്ന് പി.കെ. പോക്കർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സർവകലാശാലകളിൽ കാലാകാലമായി നിലനിൽക്കുന്ന കീഴാള വിരുദ്ധതയെ കുറിച്ച് ഞങ്ങൾ വളരെക്കാലമായി നടത്തി വരുന്ന പഠനങ്ങളുടെയും പ്രവർത്തനത്തിന്‍റെയും തുടർച്ചയാണ് 'മാധ്യമം' ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം. ഇന്ത്യയിലും ലോകത്തും അക്കാദമിക പ്രവർത്തകർ സാമൂഹിക നീതിക്കും ഉൾകൊള്ളൽ നയത്തിനും വേണ്ടി പ്രവർത്തിക്കുമ്പോൾ കേരളത്തിൽ എഴുത്തിന്‍റെ പേരിലുള്ള പ്രതികാരനടപടി ലജ്ജാകരമാണെന്നും പി.കെ. പോക്കർ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഡോ. കെ.എസ്. മാധവനെതിരായ പ്രതികാര നടപടി നിർത്തിവെക്കുക.
ചരിത്രകാരനും ദളിത് കീഴാള പഠന വിദഗ്ധനുമായ ഡോ. കെ. എസ്. മാധവന് (ചരിത്ര വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ) നൽകിയ മെമോ കാലിക്കറ്റ് സർവകലാശാല പിൻവലിക്കണം. ഡോ. കെ.എസ്. മാധവൻ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും, എഴുത്തുകാരനും, പ്രഭാഷകനുമാണ്. മാധവനും ഞാനും ചേർന്ന് മാധ്യമം ദിനപത്രത്തിൽ ഇന്ത്യയിലും കേരളത്തിലും നടക്കുന്ന സംവരണ അട്ടിമറികൾ അന്വേഷിച്ചു നടപടിയെടുക്കണമെന്നു ലേഖനം എഴുതിയിരുന്നു. (ഏപ്രിൽ 21) സർവകലാശാലകളിൽ കാലാകാലമായി നിലനിൽക്കുന്ന കീഴാള വിരുദ്ധതയെ കുറിച്ച് ഞങ്ങൾ രണ്ടു പേരും വളരെക്കാലമായി നടത്തി വരുന്ന പഠനങ്ങളുടെയും പ്രവർത്തനത്തിന്‍റെയും തുടർച്ചയാണ് ആ ലേഖനവും. ഉൾകൊള്ളൽ വിദ്യാഭ്യാസത്തിന്‍റെ അനിവാര്യതയും ഭരണഘടനപരവും നിയമപരവുമായ അവകാശ സംരക്ഷണത്തിന്‍റെ അനിവാര്യതയും ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് സാമൂഹിക നീതി ഉറപ്പാക്കേണ്ടത്. ജെ.എൻ.യുവിലെ അധ്യാപകർ സർവകലാശാലയെ വിമർശിക്കുന്ന ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിക്കുകയും അവയെല്ലാം ചേർത്ത് പുസ്തകം ആക്കി പ്രസിദ്ധീകരിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. അമേരിക്കൻ മിലിട്ടറിയുടെ ഗവേഷണം കൂടി നടക്കുന്ന എം.ഐ.ടി സർവകലാശാലയിൽ പ്രൊഫസർ ആയി ഇരുന്നു കൊണ്ടാണ് ചോംസ്കി അമേരിക്കയുടെ വംശീയവും അധിനിവേശപരവുമായ തെറ്റായ നയങ്ങൾ വിമർശിച്ചത്. അങ്ങിനെ മാത്രമാണ് ചരിത്രം മുന്നേറിയിട്ടുള്ളത്. ഇന്ത്യയിലും ലോകത്തും അക്കാദമിക പ്രവർത്തകർ സാമൂഹിക നീതിക്കും, ഉൾകൊള്ളൽ നയത്തിനും വേണ്ടി പ്രവർത്തിക്കുമ്പോൾ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എഴുത്തിന്‍റെ പേരിൽ പ്രതികാരനടപടി തുടങ്ങിയത് ലജ്ജാകരമാണ്. അടിയന്തിരമായി ഈ മെമോ പിൻവലിക്കുകയും തെറ്റുകൾ അവർത്തിക്കാതിരിക്കുകയും ചെയ്യാൻ ബന്ധപ്പെട്ടവർ വിവേകം കാണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.