കൊച്ചി: ഫോർട്ട്കൊച്ചി മുൻ സബ് കലക്ടർ അദീല അബ്ദുല്ല കണ്ടെത്തിയ സർക്കാർ ഭൂമി കൈയേറ്റക്കാരുടെ പട്ടിക ആവശ്യപ്പെട്ടുള്ള വിവരാവകാശ രേഖ നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ചു. ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷനൽ ഓഫിസ് സീനിയർ സൂപ്രണ്ടിനാണ് മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോൾ നോട്ടീസ് അയച്ചത്.
ഓഫിസിെൻറ പരിധിയിൽ സർക്കാർ ഭൂമി പാട്ടത്തിന് നൽകിയിട്ടും നിശ്ചിത സമയപരിധി കഴിഞ്ഞ് പുതുക്കാത്തതും കുടിശ്ശിക വരുത്തിയതുമായ എത്ര ഭൂമിയാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുന്ന രേഖ ആവശ്യപ്പെട്ടാണ് വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി.ബി. ബിനു അപേക്ഷ സമർപ്പിച്ചത്. പാട്ടവ്യവസ്ഥ ലംഘിച്ചവർ എത്ര, ആർക്കാണ് ഭൂമി നൽകിയത്, എത്ര വർഷത്തേക്കാണ്, പാട്ടത്തുക കുടിശ്ശിക വരുത്തിയത് ആരൊക്കെ എന്നിവ വ്യക്തമാക്കുന്ന രേഖകൾ നൽകണമെന്നായിരുന്നു ആവശ്യം.
ഫോർട്ട്കൊച്ചി സബ്കലക്ടറായിരുന്ന അദീല അബ്ദുല്ല കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചുവന്നത്. ഇതിനിടെയായിരുന്നു ഇവർക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലംമാറ്റം. അദീല അബ്ദുല്ല സബ്കലക്ടറായിരിക്കെ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, എറണാകുളം പ്രദേശങ്ങളിൽ കണ്ടെത്തിയ കൈയേറ്റക്കാരുടെ പേരും വിലാസവും ഉൾപ്പെടുന്ന പട്ടികയുടെ പകർപ്പും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സർക്കാർ ഭൂമി കൈയേറിയത് സംബന്ധിച്ച പട്ടിക ഓഫിസിൽ സൂക്ഷിച്ചിട്ടില്ലെന്നും വിവരങ്ങൾ അതത് വില്ലേജ് ഓഫിസിലാണെന്നുമായിരുന്നു മറുപടി. കണയന്നൂർ, ആലുവ, പറവൂർ, കൊച്ചി താലൂക്ക് പരിധിയിലെ പാട്ടഭൂമി സംബന്ധിച്ച പട്ടിക തഹസിൽദാറിൽനിന്ന് ലഭ്യമാക്കിയത് ഓഫിസിലെ ഫയലിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രവൃത്തിദിവസം പരിശോധിക്കാമെന്നും മറുപടി നൽകി. ഉദ്യോഗസ്ഥർ നൽകിയത് അവ്യക്തവും അപൂർണവുമായ മറുപടിയാണെന്നും വിവരാവകാശ നിയമത്തിലെ വകുപ്പുകൾ പ്രകാരമുള്ള നടപടി സ്വീകരിച്ചില്ലെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ട വിവരങ്ങൾ മിക്കതും സ്വമേധയാ വെളിപ്പെടുത്തേണ്ടവയാണെന്നും കമീഷണർ വിലയിരുത്തി. സർക്കാർ ഭൂമി കൈയേറ്റം സംബന്ധിച്ച വിവരങ്ങൾ നിർബന്ധമായും ഓഫിസിൽ ഉണ്ടാകേണ്ടതാണെന്നും കമീഷണർ നോട്ടീസിൽ വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന നോട്ടീസ് സീനിയർ സൂപ്രണ്ടിന് കമീഷണർ അയച്ചു. നിരുത്തരവാദപരമായ മറുപടി നൽകിയ എതിർകക്ഷിക്കെതിരെ വിവരാവകാശ നിയമത്തിലെ 20(1) വകുപ്പ് പ്രകാരമുള്ള ശിക്ഷ നടപടി സ്വീകരിക്കാൻ കമീഷണർ തീരുമാനിച്ചു. ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ഇക്കാര്യം സംബന്ധിച്ച വിശദീകരണം ഉദ്യോഗസ്ഥർ നൽകണമെന്നും കമീഷണർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.