വിവരാവകാശം: സര്‍ക്കാറിന്‍െറ ‘സുതാര്യത’വാദം കോടതിക്ക് പുറത്തുമാത്രം

കൊച്ചി: വിവരാവകാശ പ്രശ്നത്തില്‍ ‘സുതാര്യത’യാകാം എന്ന മുഖ്യമന്ത്രിയുടെ നിലപാട് കോടതിക്ക് പുറത്തുമാത്രം. ഹൈകോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് നേരെ എതിരും. മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങളെ അറിയിക്കണമോയെന്ന കാര്യത്തില്‍ വിവാദം പുകയുന്നതിനിടെയാണ് ഈ ഇരട്ടത്താപ്പ്.

മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നത് സര്‍ക്കാറിന്‍െറ ബാധ്യതയല്ളെന്ന് പ്രഖ്യാപിക്കണമെന്ന നിലപാടാണ് ഹൈകോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. ഈ കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകവെയാണ്, എല്ലാം സുതാര്യമായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവന പുറപ്പെടുവിച്ചതും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ‘ഭൂമിദാനങ്ങള്‍’ സംബന്ധിച്ച വിവരംതേടി വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി. ബിനു അപേക്ഷ നല്‍കിയതോടെയാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം.

2016 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 12 വരെയുള്ള മന്ത്രിസഭ തീരുമാനങ്ങള്‍ സംബന്ധിച്ച അജണ്ട, മിനിറ്റ്സ്, തീരുമാനങ്ങളില്‍ കൈക്കൊണ്ട നടപടികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് ബിനു പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. മന്ത്രിസഭ അജണ്ട, മിനിറ്റ്സ് എന്നിവ വിവരാവകാശ നിയമ പരിധിക്ക് പുറത്താണെന്ന മറുപടിയാണ് ലഭിച്ചത്. മന്ത്രിസഭ തീരുമാനം നടപ്പായോ എന്ന് അറിയണമെങ്കില്‍ അതത് വകുപ്പുകളുടെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെതിരെ അപ്പീല്‍ അധികാരിക്ക് നല്‍കിയ ഹരജിയും തള്ളിയതോടെയാണ് പൊതുഭരണ സെക്രട്ടറി, അപ്പീല്‍ അധികാരി എന്നിവരെ എതിര്‍ കക്ഷികളാക്കി മുഖ്യ വിവരാവകാശ കമീഷണര്‍ക്ക് പരാതി നല്‍കിയത്.

ഇരുവിഭാഗത്തിന്‍െറയും വാദംകേട്ട ശേഷം അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ പത്ത് ദിവസത്തിനകം നല്‍കണമെന്ന് മുഖ്യ വിവരാവകാശ കമീഷണര്‍ 2016 ജൂണ്‍ 14ന് ഉത്തരവിട്ടു. മാത്രമല്ല, മന്ത്രിസഭ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതൊന്നും പാലിക്കപ്പെട്ടില്ളെന്ന് മാത്രമല്ല, ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. ഈ കേസ് മുന്നോട്ടുപോകവെയാണ് സുതാര്യതയാണ് സര്‍ക്കാര്‍ നയമെന്ന വിശദീകരണമുണ്ടായിരിക്കുന്നത്.

മാത്രമല്ല, കഴിഞ്ഞ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ഒമ്പത് മാസത്തിനുശേഷവും പുറത്തുവിടാന്‍ തയാറായിട്ടുമില്ല. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരിക്കുന്ന പതിവും പിണറായി മുഖ്യമന്ത്രിയായ ശേഷം നിര്‍ത്തി. ഇതിനെയും മന്ത്രിസഭ തീരുമാനങ്ങള്‍ പുറത്തുവിടുന്നതിന് എതിരായ ഹരജിയെയും ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ പരസ്യമായി ചോദ്യം ചെയ്തിരുന്നു.

Tags:    
News Summary - right to information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.