പെരിങ്ങത്തൂർ: പെരിങ്ങത്തൂരിനടുത്ത മത്തിപ്പറമ്പിൽ ചാക്കേരി താഴെകുനിയില്‍ ഗോപിയുടെ ഭാര്യ റീജയുടെ (36) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. റീജ മരിച്ചത് ക്രൂരമായ ബലാത്സംഗശ്രമത്തിന് ഇരയായശേഷമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അയല്‍വാസിയായ യുവാവിനെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. മേക്കുന്ന് മത്തിപ്പറമ്പിലെ വലിയ കാട്ടിൽ ഹൗസിൽ അൻസാറാണ് (24) പിടിയിലായത്. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
നാങ്ങണ്ടി പള്ളിപ്പരിസരത്തെ വയലിലെ ഇടവഴിയിൽവെച്ചാണ് പ്രതി റീജയെ ആക്രമിച്ചത്. മാനഭംഗപ്പെടുത്തുന്നത് തടയാൻ ശ്രമിച്ച റീജയുടെ വായും മൂക്കും പ്രതി അമർത്തിപ്പിടിച്ചതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. റീജ മരിച്ചുവെന്ന് തിരിച്ചറിഞ്ഞ പ്രതി സ്വർണാഭരണങ്ങൾ ഉൗരിമാറ്റി.
സംഭവത്തിന് പിന്നിൽ ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് സംശയിക്കുന്നതെന്ന് െപാലീസ് പറഞ്ഞു. അൻസാർ കൈക്കലാക്കിയ റീജയുടെ താലിമാലയുടെ ഒരുഭാഗവും മോതിരമടക്കമുള്ള സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെത്തി.തിങ്കളാഴ്ച വൈകീട്ടാണ് തോട്ടില്‍ റീജയുടെ മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകത്തിലേക്കുള്ള സൂചന ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിൽ മണിക്കൂറുകള്‍ക്കകം പ്രതി വലയിലായി. റീജയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും സംശയംപ്രകടിപ്പിച്ചിരുന്നു.
അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാൻ മത്തിപ്പറമ്പിലെ പ്രതിയുടെ വീടിന് െപാലീസ് കാവൽ ഏർപ്പെടുത്തി. പാനൂർ സി.ഐ സജീവ് ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.