പാലക്കാട്: കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് അരിവിലയിൽ ഗണ്യമായ വർധന. സംസ്ഥാനത്ത് കൂടുതൽ ഉപയോഗിക്കുന്ന ജയ, കുറുവ, ബോധന തുടങ്ങിയ അരിയുടെ വിലയിൽ കിലോവിന് ശരാശരി മൂന്ന് മുതൽ അഞ്ച് രൂപയുടെ വർധനവാണുണ്ടായത്. സംസ്ഥാനത്തെ പ്രധാന അരിവിപണിയായ പാലക്കാട് ചൊവ്വാഴ്ച മാത്രം ശരാശരി രണ്ട് രൂപ കൂടി. ഇതര സംസ്ഥാനങ്ങളിൽ ഉൽപാദനം കുറഞ്ഞതിനാൽ വില ഇനിയും കൂടുമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്.
പാലക്കാട് മൊത്തവിപണിയിൽ കഴിഞ്ഞ ആഴ്ചയിൽ 34 രൂപയായിരുന്ന ജയ ഒന്നാം തരം മൂന്ന് രൂപ വർധിച്ച് 37 രൂപയായി. ചില്ലറ വ്യാപാര മേഖലയിൽ 41-42 രൂപയാണ് ഒന്നാം തരം ജയയുടെ വില. രണ്ടാം തരം ജയയുടെ വിലയിലും മൂന്ന് രൂപയുടെ വർധനവുണ്ടായി. ബോധന അരിയുടെ വിലയിലും നാല് രൂപയുടെ വർധനവുണ്ടായി. ചൊവ്വാഴ്ച മാത്രം രണ്ട് രൂപ കൂടി 40 രൂപക്കാണ് ചില്ലറ വിൽപന. കുറുവയുടെ വിലയും ശരാശരി മൂന്ന് രൂപ വർധിച്ച് 40 കടന്നു. മൊത്തവിപണിയിൽ രണ്ട് രൂപയാണ് കുറുവക്ക് ചൊവ്വാഴ്ച മാത്രം വർധിച്ചത്. ബ്രാൻഡഡ് അരി വിലയിലും ആനുപാതികമായ വർധനവുണ്ടായി. എന്നാൽ പൊന്നി, മട്ട തുടങ്ങിയവയുടെ വിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല.
സംസ്ഥാനത്തേക്ക് പ്രധാനമായും ഒഡിഷയിൽനിന്നാണ് സമീപകാലത്ത് അരി വരുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ഒഡിഷയിലെ കൊയ്ത്ത് അവസാനിക്കാറായതാണ് വില ഉയരാൻ കാരണം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആന്ധ്ര, ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്ന് അരി വരവ് കുറഞ്ഞു. ഫെബ്രുവരിയോടെ തമിഴ്നാട്ടിൽ കൊയ്ത്ത് തുടങ്ങും. ഈ സമയം വരെ അരിവില ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന അരിയുടെ വിലയിലും കുറവുണ്ടാകാറില്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന അരിയുടെ വിലക്കനുസരിച്ചാണ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന അരിവില നിശ്ചിയിക്കുക. സംസ്ഥാന അരി വിപണിയിൽ ആഭ്യന്തര ഉൽപാദനത്തിെൻറ പങ്ക് 10 ശതമാനത്തിലും താഴെയാണെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.