പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ മന്ത്രിയും ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസിനും നിലവിലെ ഡി.വൈ.എഫ്.ഐ എ.എ പ്രസിഡന്‍റ് റഹീമിനും വിമർശനം. സംഘടനയിൽ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുകയും സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ആക്ഷേപം. മുഹമ്മദ് റിയാസ്, എ.എ റഹിം, എസ്.സതീഷ് എന്നിവരടങ്ങുന്ന കോക്കസ് ആണ് സംഘടനയെ നയിക്കുന്നതെന്നും പ്രതിനിധികൾ വിമര്‍ശനമുന്നയിച്ചു.
മൂന്ന് നേതാക്കളും ചേർന്നുള്ള കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് സംഘടനയെ ഉപയോഗിക്കുന്ന നില വന്നെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ സ്വയം വിമർശനം നടത്തിയിരുന്ന സംഘടനാ റിപ്പോർട്ടിൽ ഇക്കുറി അങ്ങനെയൊരു ആത്മപരിശോധന ഇല്ലെന്നും വിമർശനമുണ്ട്.
തിരുവനന്തപുരത്ത് ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടിട്ടും സംഘടനക്കുള്ളിലേക്ക് ക്വട്ടേഷൻ-ലഹരി സംഘങ്ങൾ പിടിമുറുക്കുന്നതായും ഡി.വൈ.എഫ്.ഐയുടെ പേര് മറയാക്കി ചിലയിടങ്ങളിൽ സാമൂഹിക വിരുദ്ധർ സംഘടനയിൽ പ്രവർത്തിക്കുന്നതായും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പല തവണ ഇത് കണ്ടെത്തിയിട്ടും വീണ്ടും ആവർത്തിക്കപ്പെടുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.
ഡി.വൈ.എഫ്.ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഇന്നലെയാണ് പത്തനംതിട്ടയിൽ തുടങ്ങിയത്. സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പതാക ഉയർത്തി. എഴുത്തുകാരനും ഇടത് സഹയാത്രികനുമായ സുനിൽ പി.ഇളയിടം പ്രതിനിധി സമേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന - കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 609 പേരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.