ആന്റണി മകന് നൽകാതിരുന്ന പ്രധാന്യം ചിലർ നൽകാൻ നടത്തിയ ശ്രമം തെറ്റായിരുന്നു -റോജി എം. ജോൺ

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നതിൽ പ്രതികരണവുമായി റോജി എം. ജോൺ എം.എൽ.എ. എ.കെ ആന്റണി മകന് നൽകാതിരുന്ന പ്രധാന്യം ചിലർ നൽകാൻ നടത്തിയ ശ്രമം തെറ്റായിരുന്നെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അനിൽ ആന്റണിയുടെ മാധ്യമ/ രാഷ്ട്രീയ പ്രാധാന്യം അദ്ദേഹം എ.കെ ആന്റണിയുടെ മകനാണ് എന്നത് മാത്രമാണ്. ആ പ്രാധാന്യം എ.കെ ആന്റണി ഒരിക്കലും മകന് കൊടുത്തിട്ടില്ല. അദ്ദേഹം മകന് നൽകാതിരുന്ന രാഷ്ട്രീയ പരിഗണന അനിൽ ആന്റണിക്ക് നൽകാൻ ചിലർ നടത്തിയ ശ്രമം തെറ്റായിരുന്നു എന്നതിൽ തർക്കമില്ല -റോജി എം. ജോൺ പറയുന്നു.

കർത്താവിനെ യൂദാസ് ഒറ്റിയ ദിവസം തന്നെ അനിൽ ആന്റണി സ്വന്തം പിതാവിനെയും കോൺഗ്രസ് പ്രസ്ഥാനത്തെയും ഒറ്റു കൊടുത്ത് ബി.ജെ.പിയിൽ ചേർന്നത് യാദൃശ്ചികമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

Full View

അതേസമയം, അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിൽ കടുത്ത പരിഹാസവും വിമർശനവുമായി നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം പിതാവിനെ ഒറ്റിക്കൊടുത്ത യൂദാസാണ് അനിൽ ആന്‍റണിയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വിമർശിച്ചത്. ഇന്ന് പെസഹയാണ്, 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്‍റെ ദിവസമാണ്. ആ കൂട്ടത്തിൽ ഒന്നാണിത്. അനിൽ ആന്റണി എ.കെ ആന്റണിയുടെ മകൻ എന്നതിനപ്പുറത്ത് കോൺഗ്രസ് പാർട്ടിക്ക് ആരുമല്ലെന്നും സുധാകരൻ പ്രതികരിച്ചു.

നരേന്ദ്ര മോദിയെ വിമർശിച്ചാൽ അത് മൊത്തം ഇന്ത്യൻ ദേശീയതക്കെതിരായിട്ടുള്ള വിമർശനമായി നോക്കിക്കാണുന്ന ആളെ കോൺഗ്രസിന്‍റെ ലേബലിൽ കൊണ്ടുനടക്കാൻ കഴിയില്ലെന്നും വിഭാഗീയ പ്രവണതകൾ മനസ്സിലുള്ളവർ ചെന്ന് ചേരേണ്ട ഇടം ബി.ജെ.പി തന്നെയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കാലവും ചരിത്രവും മിശിഹായുടേതാണെന്നും ഒറ്റുകാരന്റേത് അല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. മുപ്പത് വെള്ളിക്കാശിന് ഒറ്റിയവന് ഒടുവിലത് ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞ് കെട്ടിത്തൂങ്ങി ചാകേണ്ടി വന്നു. ഇത് ഒറ്റുകാരുടെ മുൻഗാമിയുടെ ചരിത്രമാണ്. ഇന്ന് ഒറ്റുകാരൻ മിശിഹായ്ക്ക് വില പറഞ്ഞുറപ്പിച്ച്, നാളെ ദുഃഖവെള്ളിയിൽ അസാനിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി, മൂന്നാംപക്കം ഒരു ഉയിർപ്പുണ്ടാകും നിശ്ചയമായും. കാലവും ചരിത്രവും മിശിഹായുടേതാണ്, ഒറ്റുകാരന്റെത് അല്ല -രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - Roji M John about Anil Antony joining bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.