കാലടി: അങ്കമാലിയിലെ യു.ഡി.എഫ് സ്ഥാനാർഥി റോജി എം.ജോൺ എം.എൽ.എയുടെ പര്യടന വാഹനങ്ങൾക്കുമീതെ വൈദ്യുതി പോസ്റ്റും മരവും വീണു. സ്ഥാനാർഥിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്. എയർപോർട്ട് മരോട്ടിച്ചോട് കനാൽ ബണ്ട് റോഡിൽ ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം.
15ാം വാർഡിലെ തലശ്ശേരിയിൽനിന്ന് മറ്റൂർ സെൻറ് ആൻറണീസ് പള്ളിയുടെ പിന്നിലെ സ്വീകരണ സ്ഥലത്തേക്ക് പര്യടന വാഹനവ്യൂഹം നീങ്ങുകയായിരുന്നു. ഈ സമയം ശക്തമായ മഴയും കാറ്റുമുണ്ടായി. കാറ്റിൽ മരം കടപുഴകി പൈലറ്റ് ജീപ്പിന് മുകളിലേക്ക് വീണു. ഇതോടെ കനാൽ ബണ്ടിൽനിന്ന വൈദ്യുതി പോസ്റ്റും തൊട്ടുപിന്നാലെ വന്ന തുറന്ന ജീപ്പിന് മുകളിലേക്ക് ചാരി.
സ്ഥാനാർഥിയും വാഹനത്തിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡൻറ് എം.പി. ആൻറണി, ജില്ല പഞ്ചായത്ത് അംഗം അനിമോൾ ബേബി എന്നിവർ വാഹനത്തിൽനിന്ന് താഴെയിറങ്ങി. ഈ സമയം തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. അങ്കമാലിയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മരം വെട്ടിമാറ്റിയത്. അൽപസമയത്തെ വിശ്രമശേഷം സ്ഥാനാർഥി പര്യടനം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.