തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നവംബർ ഒന്നിന് മരംമുറിയുമായി ബന്ധപ്പെട്ട് യോഗം ചേർന്നിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. യോഗം ചേർന്നെങ്കിൽ മിനുട്സ് ഉണ്ടാവണമായിരുന്നു. അങ്ങനെയൊരു മിനുട്സ് നിലവിലില്ല.
പതിനേഴാം തീയതി യോഗം ചേർന്നില്ലെന്ന് പറഞ്ഞിട്ടില്ല. എന്നാൽ, മരംമുറി സംബന്ധിച്ച് 17ാം തീയതിയിലെ യോഗത്തിലും തീരുമാനമുണ്ടായിട്ടില്ല. യോഗത്തിൽ മറ്റ് പല വിഷയങ്ങളും ചർച്ചയായിരുന്നു. മരംമുറിയെ സംബന്ധിച്ച് ചർച്ച നടന്നുവെന്ന് വ്യക്തമായാൽ നടപടിയുണ്ടാകുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വരുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ തുടർ നടപടികളുണ്ടാവുമെന്നും റോഷി അഗസ്റ്റിൻ വിശദീകരിച്ചു.
നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറി വിളിച്ച യോഗ പ്രകാരമാണ് മരംമുറിക്ക് അനുമതി നൽകിയതെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ, റിപ്പോർട്ട് പുറത്ത് വന്നിട്ടും നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.