റോഷി അഗസ്റ്റിൻ എന്ന പേര് ഇടുക്കിക്കാർക്ക് സുപരിചിതമായിട്ട് വർഷം 20 കഴിഞ്ഞു. 2001ൽ ഇടുക്കിയിൽനിന്ന് നിയമസഭയുടെ പടികൾ കയറിയ റോഷിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എതിരാളികളോടുപോലും പുലർത്തുന്ന സൗഹൃദമാണ് ഇൗ യുവനേതാവിെൻറ ജനകീയ അടിത്തറ.
പാലാ രാമപുരം ചക്കാമ്പുഴയില്‍ ചെറുനിലത്തുചാലില്‍ വീട്ടില്‍ അഗസ്റ്റിന്-ലീലാമ്മ ദമ്പതികളുടെ മകനായി 1969 ജനുവരി 20ന് ജനനം. ഇടക്കോലി ഗവ. ഹൈസ്കൂള്‍ ലീഡറായി രാഷ്ട്രീയച്ചുവടുവെച്ചു. പാലാ സെൻറ് തോമസ് കോളജിൽ കെ.എസ്.സി എം യൂനിറ്റ് പ്രസിഡൻറായും യൂനിയന്‍ ഭാരവാഹിയായും തിളങ്ങിയ റോഷി കേരള കോണ്‍ഗ്രസ് എമ്മിെൻറ നേതൃനിരയിലെത്തി. 1995ൽ കെ.എസ്.സി എം സംസ്ഥാന പ്രസിഡൻറായിരിക്കെ അഴിമതിക്കും ലഹരിക്കുമെതിരെ കാസർകോട് മുതല്‍ തിരുവനന്തപുരംവരെ റോഷി നടത്തിയ 43 ദിവസത്തെ വിമോചന യാത്ര സംഭവബഹുലമായിരുന്നു.
കെ.എം. മാണിയുടെ വിശ്വസ്തനായതോടെ നിയമസഭയിലേക്കുള്ള കന്നിയങ്കം 26ാം വയസ്സിൽ പേരാമ്പ്രയിൽനിന്നായിരുന്നു. സി.പി.എമ്മിലെ എൻ.കെ. രാധയോട് 2752 വോട്ടിന് തോറ്റു. എന്നാൽ, 2001ൽ ഇടുക്കിയിൽ ശക്തമായ ത്രികോണമത്സരത്തിൽ സിറ്റിങ് എം.എൽ.എ പി.പി. സുലൈമാൻ റാവുത്തറെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 13,719 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. തുടർന്ന് മൂന്ന് തെരഞ്ഞെടുപ്പിലും വിജയം. നാലുതവണ യു.ഡി.എഫിനൊപ്പമായിരുന്നെങ്കിൽ ഇത്തവണ എൽ.ഡി.എഫിനൊപ്പമായി.
ജില്ലയിലെ ഭൂപ്രശ്നങ്ങളില്‍ എന്നും കർഷകർക്കൊപ്പമായിരുന്നു റോഷി. 2018 ഫെബ്രുവരിയിൽ ഇടുക്കിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ കാല്‍നട സമരത്തിലൂടെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ചയാക്കി. കൂടെനിന്ന പലരും കളംമാറിയപ്പോഴും മാണിയുടെയും തുടർന്ന് ജോസ് കെ. മാണിയുടെയും മനഃസാക്ഷി സൂക്ഷിപ്പുകാരനായി. ആ നിലപാടുകളുടെയും വിശ്വസ്തതയുടെയും അംഗീകാരമാണ് ഇൗ മന്ത്രിസ്ഥാനം.
സാധാരണ കർഷക കുടുംബത്തിൽ പിറന്ന് മന്ത്രിപദത്തിലെത്തുന്ന ഇൗ 52കാരൻ ഇടുക്കിക്കും ജില്ലയിലെ കർഷകർക്കും ഒന്നുപോലെ പ്രതീക്ഷയാണ്. ബി.എസ്സി ബിരുദധാരിയായ റോഷി കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. 'കെ.എം. മാണി പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.
തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെൻററില്‍ നഴ്സായ റാണിയാണ് ഭാര്യ. വാഴത്തോപ്പ് സെൻറ് ജോർജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനി ആൻ മരിയ, ഒമ്പതാം ക്ലാസ് വിദ്യാർഥിനി എയ്ഞ്ചല്‍ മരിയ, മൂന്നാം ക്ലാസ് വിദ്യാർഥി അഗസ്റ്റിന് റോഷി എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.