File Photo

നിപ ബാധിതരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും; ചികിത്സയിലുള്ളവർക്ക് മരുന്ന് ഇന്ന് എത്തും

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. നിപ ബാധിതരുമായി ഇടപഴകിയ മുഴുവനാളുകളെയും കണ്ടെത്തി പ്രൈമറി, സെക്കൻഡറി സമ്പർക്കപ്പട്ടികയിലുൾപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞു. ചികിത്സയിൽ കഴിയുന്നവർക്ക് മരുന്നായി നൽകുന്ന മോണോക്ലോണൽ ആന്‍റിബോഡി ഇന്ന് തന്നെ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ രണ്ട് രോഗ പ്രഭവ കേന്ദ്രമാണ് ഉള്ളത്. ഇവയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ കണ്ടെയിൻമെന്‍റ് സോൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കണ്ടെയിൻമെന്‍റ് സോണുകളിൽ കർശനമായ നിയന്ത്രണം നടപ്പാക്കുന്നുണ്ടെന്നും ജനങ്ങൾ പൂർണമായും സഹകരിക്കുന്നുണ്ടെന്നും കോഴിക്കോട് ജില്ല കലക്ടർ എ. ഗീത പറഞ്ഞു. ഇന്ന് വൈകുന്നേരം അവലോകന യോഗം ചേരും. കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തുമെന്നും കലക്ടർ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിലാണ് നിപ ബാധിച്ച് രണ്ട് മരണമുണ്ടായത്. മരുതോങ്കര കള്ളാട്ട് മുഹമ്മദലി (45), ആ‍യഞ്ചേരി മംഗലാട്ട് ഹാരിസ് (40) എന്നിവരുടെ മരണം നിപ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്ന ഏഴ് പേരിൽ രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേർക്ക് നെഗറ്റീവാണ്. മൂന്ന് പേരുടെ സാംപിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകളെ കണ്ടെയിൻമെന്‍റ് സോണാക്കി കർശന നിയന്ത്രണമേർപ്പെടുത്തി. മരണം റിപ്പോർട്ട് ചെയ്ത മരുതോങ്കര, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെയും സമീപ പഞ്ചായത്തുകളിലുമാണ് വാർഡുകളെ കണ്ടെയിൻമെന്‍റ് സോണാക്കിയത്.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1, 2, 3, 4, 5, 12, 13, 14, 15 വാർഡ്

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1, 2, 3, 4, 5, 12, 13, 14 വാർഡ്

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1, 2, 20 വാർഡ്

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3, 4, 5, 6, 7, 8, 9, 10 വാർഡ്

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5, 6, 7, 8, 9 വാർഡ്

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് - 6, 7 വാർഡ്

കാവിലുംപാറ ഗ്രാമപഞ്ചായത്ത് - 2, 10, 11, 12, 13, 14, 15, 16 വാർഡ്

കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

സർക്കാർ -അർധസർക്കാർ-പൊതുമേഖല- ബാങ്കുകൾ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവ പ്രവർത്തിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കണം.

കണ്ടെയിൻമെന്‍റ് വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കും. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടില്ല. 

Tags:    
News Summary - Route map of Nipah victims to be published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.