വനിതകളെ രണ്ടാംകിട പൗരന്മാരായാണ് ആർ.എസ്.എസ് കാണുന്നത്; അധികാരത്തിലെത്താൻ ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുന്നു -രാഹുൽ

കരുനാഗപ്പള്ളി: അധികാരത്തിലെത്താൻ ആർ.എസ്.എസും ബി.ജെ.പിയും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി. മതപരമായും ജാതിപരമായും ഭാഷാപരമായും ലിംഗപരമായും അവർ ജനങ്ങളെ വിഭജിച്ച് വെറുപ്പ് പടർത്തുകയാണ്​. ഭാരത്​ ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനത്തിന്​ സമാപനം കുറിച്ച്​ കരുനാഗപ്പള്ളിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം വെറുപ്പും വിദ്വേഷവും ഒഴിവാക്കിയാൽ മാത്രമേ ഒരു രാജ്യത്തിന് ഭാവിയിലേക്ക് ഉറ്റുനോക്കാൻ സാധിക്കൂ. വനിതകളെ രണ്ടാംകിട പൗരന്മാരായാണ് ആർ.എസ്.എസ് കാണുന്നത്. വനിതകൾക്ക് സ്വന്തം ആശയങ്ങളെ പ്രകാശിപ്പിക്കാനുള്ള അവസരമുണ്ടെന്ന് അവർ കരുതുന്നില്ല. ഭാരതത്തിനും കേരളത്തിനും മുന്നോട്ടുപോകണമെങ്കിൽ സമാധാനമുണ്ടാകണം. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നൻ ഇന്ത്യക്കാരനാണ്.

എന്നിട്ടും ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക് എങ്ങനെ ഇന്ത്യയിലുണ്ടായി. ഒന്നോ രണ്ടോ അതിസമ്പന്നർ ഉണ്ടാകുമ്പോൾ ദശലക്ഷക്കണക്കിന് തൊഴിലില്ലാത്തവർ ഈ രാജ്യത്തുണ്ടാകുന്നു. സർക്കാർ പിന്തുണക്കാൻ താൽപര്യപ്പെടുന്നത് അതിസമ്പന്നരായ കുറച്ചുപേരെയാണ്. പൊതുമേഖല സ്ഥാപനങ്ങളെല്ലാം ഒന്നൊന്നായി സ്വകാര്യവത്കരിക്കപ്പെടുന്നു. ദശലക്ഷക്കണക്കിനാളുകൾക്ക് തൊഴിലില്ലാതെ വരുന്നു.

ഈ കമ്പനികളെല്ലാം അതേ അതിസമ്പരിലേക്കെത്തുന്നു. അതിഭീമമായ വിലക്കയറ്റത്തിനാണ്​ നാട് സാക്ഷ്യം വഹിക്കുന്നത്​. ബി.ജെ.പി വളർത്തിയ വെറുപ്പിന്‍റെ പ്രതിഫലമാണ് രാജ്യത്തെ വലിയ തൊഴിലില്ലായ്മ. രാജ്യത്തെ ചെറുപ്പക്കാരോട് എന്തു ചെയ്യുന്നെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്നാണ് അവർ പറയുന്നത്.

രാജ്യത്തെ വിഭജിക്കുകയും സമ്പത്തിനെ ചുരുക്കം ചില വ്യക്തികളിലേക്കെത്തിക്കാനും ചെയ്യുന്നവരിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ വേണ്ടിയാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. രാജ്യം നേരിടുന്ന രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ യാത്രയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - RSS and BJP are dividing people to come to power -Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.