തിരുവനന്തപുരം: സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാന സർക്കാർ ജൂണിൽ തുടങ്ങിയ വിവരാവകാശ പോർട്ടലിൽ വിവരങ്ങളൊന്നുമില്ല. ജൂൺ 19ന് പ്രവർത്തന സജ്ജമായെങ്കിലും ഒന്നാമത്തെ അപേക്ഷകനുപോലും മറുപടി ലഭിച്ചിട്ടില്ല. അപേക്ഷ നൽകി 30 ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെങ്കിൽ ഒന്നാം അപ്പീൽ നൽകാമെന്നാണ് വിവരാവകാശ നിയമം. ജൂൺ 24ന് പോർട്ടൽ വഴി അയച്ച ഒന്നാമത്തെ അപേക്ഷയിൽ ഇതുവരെ നടപടി ആയില്ലെന്ന് അപേക്ഷകൻ പറഞ്ഞു. പോർട്ടലിൽ അപ്പീലിന് അവസരമില്ലെന്നും അപ്പീൽ അവകാശം നിഷേധിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ നിയമത്തിന്റെ അന്തഃസത്ത നശിപ്പിക്കുകയാണെന്നും വിവരാവകാശ പ്രവർത്തകർ പറയുന്നു.
പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ സുപ്രീംകോടതി വിധിയെ തുടർന്നാണ് ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയത്. എല്ലാ പൊതുഅധികാരികളുടെയും അധികാരപരിധിയിൽപെട്ട വിവരങ്ങൾ പോർട്ടൽ വഴി ലഭ്യമാക്കണമെന്നാണ് സുപ്രീംകോടതി വിധി. സെക്രട്ടേറിയറ്റ് ഉൾപ്പെടെ വിവിധ സർക്കാർ ഓഫിസുകളിൽ ചുമതലപ്പെടുത്തിയ നോഡൽ ഓഫിസർമാരാണ് ഓൺലൈൻ അപേക്ഷകൾ ബന്ധപ്പെട്ട പൊതുഅധികാരിക്ക് കൈമാറേണ്ടത്.
ദിവസവും പോർട്ടലിൽ വരുന്ന അപേക്ഷ പരിശോധിച്ച് പൊതുഅധികാരികൾക്ക് കൈമാറി നിശ്ചിത ദിവസത്തിനകം മറുപടി ലഭ്യമാക്കുന്നുണ്ടോയെന്ന് ഇവർ ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ നിഷ്കർഷിക്കുന്നുണ്ടെങ്കിലും നടപ്പാക്കിയില്ല. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള പോർട്ടൽ നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) രൂപകൽപന ചെയ്തു വികസിപ്പിച്ചതാണ്. പരാതി വ്യാപകമായതോടെ ദേശീയ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പോർട്ടലിൽ നിരവധി പോരായ്മ കണ്ടെത്തി.
ഇ-ട്രഷറി വഴിയാണ് ഫീസ് അടക്കുന്നതെങ്കിലും ചലാൻ ലഭിക്കാത്തതും അപേക്ഷ രസീത് പി.ഡിഎഫ് ആയി കിട്ടാത്തതും പോരായ്മയാണ്. ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഗ്രാഹകനെ തെരഞ്ഞെടുക്കാനാവാത്തതും നോഡൽ ഓഫിസർമാരെ നിയമിക്കാത്തതുമടക്കം നിരവധി ന്യൂനതകളും കണ്ടെത്തി. സുപ്രീംകോടതിയുടെ കണ്ണിൽ പൊടിയിടാൻ സർക്കാർ തട്ടിക്കൂട്ടിയതാണ് പോർട്ടലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.