കോട്ടയം: കർഷകരുടെ പ്രതീക്ഷ വർധിപ്പിച്ച് റബർവില 191ൽ. 2013നുശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ മൂന്നുദിവസമായി കിലോക്ക് 188 രൂപയായിരുന്നു ആർ.എസ്.എസ് -നാലിെൻറ വില. വെള്ളിയാഴ്ച ഇത് 190 കടന്നു. അഞ്ചാം ഗ്രേഡിന് കിലോക്ക് 189 രൂപയും ലാറ്റക്സിന് 136.85 രൂപയുമാണ് റബർ ബോർഡ് വില.
മഴ തുടര്‍ന്നാല്‍ വില 200 രൂപ കടക്കുമെന്ന് വ്യാപാരികൾ പറയുന്നു. 2013 ജൂലൈയിൽ രേഖപ്പെടുത്തിയ 196 രൂപയാണ് ഇതിെനക്കാൾ ഉയർന്നവില. മൂന്നുമാസം മുമ്പ് വില 180 രൂപയിലെത്തിയെങ്കിലും പിന്നീട് താഴ്ന്നു.എന്നാൽ, നിരക്ക് ഉയർന്നിട്ടും വിൽക്കാൻ ഷീറ്റില്ലാത്തതിനാൽ കർഷകർക്ക് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല.
വെള്ളിയാഴ്ച വില 190 കടന്നിട്ടും പേരിനുമാത്രമായിരുന്നു കച്ചവടമെന്ന് വ്യാപാരികൾ പറയുന്നു. ആഭ്യന്തര വിപണിയിലെ ദൗര്‍ലഭ്യവും ഇറക്കുമതി കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണം. കോവിഡ് പശ്ചാത്തലത്തിലുണ്ടായ ഷിപ്പിങ് കണ്ടെയ്നറുകളുടെ ക്ഷാമം ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആദ്യം മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്ത് ടാപ്പിങ് നിലച്ച അവസ്ഥയാണ്.
നവംബര്‍ ആദ്യവാരത്തോടെ ടാപ്പിങ് പുനരാരംഭിക്കേണ്ടതാണെങ്കിലും മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്നതോതിൽ റബർ ഉൽപാദനം നടക്കുന്നത്. അതേസമയം, റബർ ബോർഡ് നിശ്ചയിക്കുന്നതിെനക്കാൾ ഉയർന്നവിലയിലും ഷീറ്റ് വാങ്ങാൻ വ്യാപാരികൾ തയാറാകുന്നുണ്ട്. കഴിഞ്ഞദിവസം 192 രൂപക്കുവരെ കച്ചവടം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.