കണ്ണൂർ: മതിയായ യോഗ്യതയുള്ളവർക്ക് നിയമന വേളയിൽതന്നെ ഗൈഡ്ഷിപ്പും നൽകാമെന്ന കണ്ണൂർ സർവകലാശാലയുടെ ചട്ടഭേദഗതി പ്രകാരം ഡോ. പ്രിയ വർഗീസിനും ഗൈഡ്ഷിപ് ലഭിക്കും. ജൂലൈ നാലിന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് സർവകലാശാല പഠനവകുപ്പുകളിൽ നിയമനം നേടുന്ന അധ്യാപകർക്ക് ഉടൻ ഗൈഡ്ഷിപ്പും നൽകാമെന്ന തീരുമാനമെടുത്തത്.
സർവകലാശാല പഠനവകുപ്പുകളിൽ ഒരാൾ അധ്യാപകനായി നിയമനം നേടിയശേഷം ഗൈഡ്ഷിപ്പിനായി പ്രത്യേകം അപേക്ഷിക്കുകയാണ് നിലവിലെ രീതി. പ്രബേഷൻ കാലയളവ് പൂർത്തിയാക്കിയശേഷമാണ് നേരത്തേ പലരും ഗൈഡ്ഷിപ്പിന് അപേക്ഷിച്ചിരുന്നത്. സിൻഡിക്കേറ്റിന്റെ പുതിയ ചട്ടഭേദഗതിയോടെ നിയമനം നേടുന്ന എല്ലാവർക്കും ഗൈഡ്ഷിപ്പും ലഭിക്കും. സ്ഥിരനിയമനം നേടിയ യോഗ്യതയുള്ള ആർക്കും ഗൈഡ്ഷിപ് നൽകാമെന്നാണ് യു.ജി.സി ചട്ടമെങ്കിലും ചില നടപടിക്രമങ്ങൾ നിലനിന്നതാണ് നിലവിലെ രീതി.
ഗവേഷണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് കണ്ണൂർ സർവകലാശാലയിൽ നിയമനവേളയിൽതന്നെ അധ്യാപകർക്ക് ഗൈഡ്ഷിപ് നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. റിസർച് ഡയറക്ടറേറ്റിന്റെ ശിപാർശയിലാണ് സിൻഡിക്കേറ്റ് തീരുമാനം. എന്നാൽ, പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി രണ്ടാം ദിവസത്തെ യോഗത്തിലാണ് ചട്ടഭേദഗതിയുണ്ടായതെന്നതാണ് കൗതുകകരം.
കണ്ണൂർ സർവകലാശാലയിൽ നാൽപതോളം അധ്യാപകനിയമനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അംഗീകൃത ജേണലുകളിൽ നിശ്ചിത പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവരാണ് ഇവരെല്ലാമെന്നതിനാൽ എല്ലാവർക്കും ഗൈഡ്ഷിപ്പും ലഭിക്കും. അതേസമയം, അടുത്ത വർഷമാണ് കണ്ണൂർ സർവകലാശാലയിൽ നാക് സംഘമെത്തുന്നത്. ഗവേഷണമേഖല മെച്ചപ്പെടുത്തി ഉയർന്ന സ്കോർ നേടിയെടുക്കുന്നതിനാണ് ചട്ടഭേദഗതി വരുത്തിയതെന്ന് സർവകലാശാല അധികൃതർ പ്രതികരിച്ചു.
കണ്ണൂർ: നിയമയുദ്ധത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസ് കണ്ണൂർ സർവകലാശാല മലയാള പഠനവകുപ്പിൽ അസോസിയേറ്റ് പ്രഫസറായി ചുമതലയേറ്റു. കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് ബുധനാഴ്ച രാവിലെയാണ് ഇവർ നിയമനം നേടിയത്.
സർവകലാശാലയുടെ കാസർകോട് നീലേശ്വരം കാമ്പസിലാണ് ചുമതല. രണ്ടാഴ്ചക്കകം നിയമനം നേടണമെന്ന് ആവശ്യപ്പെട്ട് ഈമാസം രണ്ടിനാണ് ഇവർക്ക് ഉത്തരവ് നൽകിയിരുന്നത്. പ്രിയ വർഗീസിന് അനുകൂലമായ ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിലാണ് അസോ. പ്രഫസറായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.