തൃശൂര്‍: കറന്‍സിച്ചുരുക്കം ബാങ്കുകളിലും ജനങ്ങള്‍ക്കിടക്കും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. കൃത്യമായ ബദല്‍ ഒരുക്കാതെ ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും കറന്‍സി നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചതിന്‍െറ പ്രത്യാഘാതം രാജ്യം തുടര്‍ച്ചയായ മൂന്നാം ദിവസവും അനുഭവിച്ചു. നൂറിന്‍െറയും അമ്പതിന്‍െറയും നോട്ടുകള്‍ വേണ്ടത്ര സ്റ്റോക്ക് ചെയ്യാതെ അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ ഒറ്റയടിക്ക് മരവിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ബാങ്കിങ് മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
ബാങ്കുകളില്‍ സ്റ്റോക്കുള്ള നൂറിന്‍െറയും അമ്പതിന്‍െറയും നോട്ടില്‍ വലിയൊരളവ് വ്യാഴാഴ്ച വിതരണം ചെയ്തു. ഇതിന്‍െറ സ്റ്റോക്ക് പരിമിതമായതാണ് ഇന്നലെ എ.ടി.എമ്മുകള്‍ തുറക്കാന്‍ കഴിയാതെ പോയതിന് കാരണം. മിക്ക ബാങ്കുകളുടെയും എ.ടി.എം നിറക്കുന്നത് കരാര്‍ ഏജന്‍സികളാണ്. അവര്‍ക്ക് പണം കൊടുക്കുന്നത് ബാങ്കുകളും. പുതിയ 2000 രൂപയുടെ നോട്ട് നിറക്കാന്‍ വേണ്ട ക്രമീകരണം എ.ടി.എമ്മുകളില്‍ വരുത്തിയിട്ടില്ല. അതിനു പകരം 100, 50 നോട്ടുകള്‍ വെച്ച് വെള്ളിയാഴ്ച മുതല്‍ എ.ടി.എമ്മുകളില്‍നിന്ന് ഒരാള്‍ക്ക് പരമാവധി 2000 രൂപ പിന്‍വലിക്കാമെന്ന് പറഞ്ഞെങ്കിലും ബാങ്കുകളില്‍ നോട്ടില്ലാത്തതിനാല്‍ അത് സാധ്യമായില്ല.
കഴിഞ്ഞ മാര്‍ച്ചിലെ കണക്കനുസരിച്ച് രാജ്യത്ത് പ്രചരിക്കുന്നത് 15,97,250 ലക്ഷം കോടി രൂപയാണ്. അതില്‍ സെപ്റ്റംബറിലെ കണക്കു പ്രകാരം 14,95,000 ലക്ഷം കോടിയുടേത് അഞ്ഞൂറിന്‍െറയും ആയിരത്തിന്‍േറയും നോട്ടുകളാണ്. ബാക്കി മാത്രമാണ് നൂറും അതിന് താഴേക്കുമുള്ള നോട്ടുകളുള്ളത്. 15.97 ലക്ഷം കോടിയില്‍നിന്ന് 14.95 ലക്ഷം കോടി പണം പൊടുന്നനെ പിന്‍വലിച്ചാല്‍ രൂപപ്പെടാവുന്ന പ്രതിസന്ധിയെന്തോ, അതാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
കള്ളപ്പണം എത്ര വരും?
ലോകബാങ്ക് 2007ല്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയില്‍ ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 23.2 ശതമാനം കള്ളപ്പണമാണ്. ഇപ്പോള്‍ അത് 25 ശതമാനം ആയിട്ടുണ്ടാവും. 2015ല്‍ ജി.ഡി.പി 12,65,000 കോടിയാണ്. ഇപ്പോള്‍ അത് 130 ലക്ഷം കോടിയായി വര്‍ധിച്ചുവെന്നാണ് നിഗമനം. അതിന്‍െറ 25 ശതമാനമാണ് കള്ളപ്പണമാണെങ്കില്‍ 32.5 ലക്ഷം കോടി, പരമാവധി 35 ലക്ഷം കോടി; അതാണ് ഇന്ത്യയിലെ കള്ളപ്പണം. 8,25,000 കോടി രൂപയുടെ 500ന്‍െറ നോട്ടും 6,70,000 കോടിയുടെ ആയിരത്തിന്‍െറ നോട്ടുമാണ് പ്രചാരത്തില്‍ ഉള്ളത്. ഇതു ചേര്‍ത്താല്‍ 14,95,000 കോടി. അതിന്‍െറ 25 ശതമാനം കള്ളപ്പണമാണെങ്കില്‍ 3,75,000 കോടി വരും. നിലവില്‍ കള്ളപ്പണം 35 ലക്ഷം കോടിയാണെന്ന് ലോകബാങ്ക് പറയുന്നു. ഇന്ത്യയില്‍ പ്രചരിക്കുന്ന പണത്തില്‍ 10.71 ശതമാനമാണ് കള്ളപ്പണം. ഇത്രയും കള്ളപ്പണം പിടികൂടാന്‍ സാധാരണക്കാരെ വലക്കുന്നതിന്‍െറ സാമ്പത്തിക ശാസ്ത്രം മനസ്സിലാകുന്നില്ളെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ദേശീയ പ്രസിഡന്‍റ് എ.കെ. രമേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.