മൂവാറ്റുപുഴ: പദ്ധതി വേണ്ടന്നുവെക്കാനായിരുന്നെങ്കിൽ രണ്ട് പതിറ്റാണ്ട് കാലം തങ്ങളെ ബുദ്ധിമുട്ടിച്ചതെന്തിനായിരുന്നെന്ന ചോദ്യവുമായി ശബരി റെയിൽവേ പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കുടുംബങ്ങൾ. 1995ൽ പ്രഖ്യാപിച്ച പദ്ധതിക്കായി ’98ലാണ് ഭൂമി അളന്ന് കല്ലിട്ടുപോയത്. ശേഷം ഇതുവരെ ഈ ഭൂമിയിൽ ഒരുനിർമാണ പ്രവർത്തനവും നടന്നില്ല.
വീടുകൾ പലതും തകർച്ചയുടെ വക്കിലായിരുന്നിട്ടും അറ്റകുറ്റപ്പണികൾ നടത്താൻപോലും ആയില്ല. ചോർന്നൊലിച്ച വീടുകളിലായിരുന്നു പലരും കഴിഞ്ഞുവന്നത്. മൂവാറ്റുപുഴ റെയിൽവേ സ്റ്റേഷൻ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന മൂവാറ്റുപുഴ കിഴക്കേക്കരയിൽ മാത്രം 33 വീടുകളിലാണ് പദ്ധതിയുടെ ഭാഗമായി കല്ലിട്ടതെന്ന് കിഴക്കേക്കര വെട്ടിക്കാട്ട് മുഹമ്മദ് പറഞ്ഞു.
അങ്കമാലി-ശബരി പാതക്ക് സാധ്യതയില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പാർലമെൻറിലെ പ്രഖ്യാപനം വന്നതിനുപിന്നാലെ നാട്ടുകാർ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം വരെ പദ്ധതി നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. ശബരിപാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കണമെന്ന ആവശ്യത്തോട് അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷക്കിടെയാണ് പദ്ധതിതന്നെ ഉണ്ടാകില്ലെന്ന സൂചന മന്ത്രിയിൽനിന്ന് ഉണ്ടായത്.
ശബരിമലക്ക് ബി.ജെ.പി സർക്കാർ പ്രത്യേക പരിഗണന നൽകുമെന്നും അതുവഴി ശബരി പാതയുടെ പൂർത്തീകരണവും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലായിരുന്നു കിഴക്കൻ മേഖലയിൽ പാതക്കുവേണ്ടി ഭൂമി വിട്ടുകൊടുത്ത ഭൂവുടമകൾ. എന്നാൽ, എല്ലാ പ്രതീക്ഷകളും തകിടം മറിച്ചായിരുന്നു പ്രഖ്യാപനം.
രണ്ടര പതിറ്റാണ്ട് മുമ്പ് പദ്ധതി ആരംഭിച്ചപ്പോൾ മുതൽ ജീവിതം ദുരിതത്തിലായ നൂറുകണക്കിന് കുടുംബങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ ഒരു നടപടിയുമില്ലാത്തത് ജനങ്ങളെ നിരാശരാക്കിയിരിക്കുകയാണ്. ജില്ലയിലെ 17 വില്ലേജുകളിലാണ് പദ്ധതിക്കായി ഭൂമിയേറ്റെടുക്കാൻ കല്ലിട്ടത്. പെരുമ്പാവൂർ, കൂവപ്പടി, വേങ്ങൂർ, രായമംഗലം, അശമന്നൂർ, മൂവാറ്റുപുഴ വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കലിന് 4(1) വിജ്ഞാപനം ഇറക്കിയിരുന്നെങ്കിലും ഇതുവരെ ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടില്ല.
രണ്ടരപതിറ്റാണ്ടുമുമ്പ് പാതക്കായി അലൈൻമെന്റ് നിശ്ചയിച്ചതോടെ ഭൂമി വിൽക്കാനോ ബാങ്കിൽ പണയപ്പെടുത്താനോ പഴകിയ വീടുകൾ അറ്റകുറ്റപ്പണി നടത്താനോ സാധിക്കാതെ ജീവിതം വഴിമുട്ടിയ കുടുംബങ്ങളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. ചികിത്സച്ചെലവിനുപോലുംസ്ഥലം വിൽക്കാൻ കഴിയാതെ വലഞ്ഞ കുടുംബങ്ങളും ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.