കോട്ടയം: നിയന്ത്രണങ്ങൾ നീക്കുന്നതോടെ ശബരിമല ദർശനത്തിന് കൂടുതൽ തീർഥാടകരെത്തുമെന്ന പ്രതീക്ഷയിൽ ദേവസ്വം ബോർഡും കച്ചവടക്കാരും. കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഏർപ്പെടുത്തിയ യാത്രാനിരോധം നീക്കിയതിനാൽ കൂടുതൽ സർവിസുകൾ ആരംഭിക്കാനാകുമെന്ന ആശ്വാസത്തിലാണ് മാേനജ്മെൻറ്. തീർഥാടകരില്ലാത്തതിനാൽ കോട്ടയം, എരുമേലി, ചെങ്ങന്നൂർ, പത്തനംതിട്ട, പന്തളം, കൊട്ടാരക്കര, തൃശൂർ, ഗുരുവായൂർ, എറണാകുളം ഡിപ്പോകളിൽ സ്പെഷൽ സർവിസിന് എത്തിച്ച 150ലധികം ബസുകൾ വെറുതെ കിടക്കുകയാണ്. കഴിഞ്ഞ വർഷം നടതുറന്ന ആദ്യദിവസങ്ങളിൽ കോർപറേഷന് 10 കോടിവരെ വരുമാനം ലഭിച്ചിരുന്നു. ഇേപ്പാൾ രണ്ടുകോടിയും. രാത്രിയിലും ഉച്ചസമയത്തും നിലക്കൽ-പമ്പ റൂട്ടിൽ സർവിസ് നടത്തരുതെന്ന നിർദേശമാണ് തിരിച്ചടിയായത്. നിലക്കൽ-പമ്പ സർവിസിന് എത്തിച്ച ബസുകളിൽ പകുതിക്കും ഒാട്ടമില്ലായിരുന്നു. കഴിഞ്ഞ ദിവസം അമ്പതോളം ബസുകൾ വിവിധ ഡിേപ്പാകളിലേക്ക് തിരിച്ചയച്ചിരുന്നു.
ശബരിമല സർവിസിലൂടെ നഷ്ടം ഒരുപരിധിവരെ പരിഹരിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കെ.എസ്.ആർ.ടി.സി. ഇതിനായി വിവിധ ഡിപ്പോകളിലെ വരുമാനം കുറഞ്ഞ സർവിസുകൾ റദ്ദാക്കിയാണ് 300ലധികം ബസുകൾ എത്തിച്ചത്. ബസുകളുടെ പിൻവലിക്കൽ പലയിടത്തും യാത്രക്ലേശവും വർധിപ്പിച്ചു. സമരവും അക്രമസംഭവങ്ങളും നിയന്ത്രണങ്ങളും ദേവസ്വം ബോർഡിെൻറ സ്ഥലം ലേലത്തെ ബാധിച്ചിരുന്നു. മൂന്നുതവണ ലേലം നടത്തിയിട്ടും ഏറ്റെടുക്കാൻ കച്ചവടക്കാർ തയാറായില്ല. നിയന്ത്രണം നീങ്ങി തീർഥാടകരുടെ ഒഴുക്ക് തുടർന്നാൽ കച്ചവടത്തിനിറങ്ങാൻ വ്യാപാരികൾ തയാറാകുമെന്നാണ് ദേവസ്വം ബോർഡിെൻറ പ്രതീക്ഷ. എന്നാൽ, അവർ സുരക്ഷ ആവശ്യപ്പെടുന്നത് തിരിച്ചടിയാണ്.
വരുമാനം ഇടിഞ്ഞതോടെ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതുവരെ പരമാവധി ഒരുകോടിയിൽ താഴെയാണ് വരുമാനം. വിൽപനയില്ലാതെ കെട്ടിക്കിടക്കുന്നതിനാൽ അപ്പം-അരവണ നിർമാണം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. കാണിക്കയിനത്തിലും കാര്യമായ വരുമാനം ലഭിക്കുന്നില്ല. ദേവസ്വം ക്ഷേത്രങ്ങളുടെ നിലനിൽപുപോലും ശബരിമലയെ ആശ്രയിച്ചാണെന്നതിനാൽ വരുമാന ഇടിവ് ആശങ്കയോടെയാണ് ബോർഡ് കാണുന്നത്. ഇൗമാസത്തെ ശമ്പളത്തിന് സർക്കാറിനെ സമീപിക്കേണ്ട സാഹചര്യവും ബോർഡ് തള്ളുന്നില്ല. മരാമത്ത് പ്രവൃത്തി നടത്തിയ വകയിൽ കോടികളുടെ ബാധ്യതയും ബോർഡിനുണ്ട്. കരാറുകാർ പണത്തിനായി നെേട്ടാട്ടത്തിലാണ്. പലയിടത്തും നിർമാണം നിലച്ചു. ശബരിമല കച്ചവടം മാത്രം ലക്ഷ്യമിടുന്ന ആയിരക്കണക്കിന് വ്യാപാരികളും കടുത്ത ദുരിതത്തിലാണ്. എരുമേലി, പമ്പ, നിലക്കൽ അടക്കം പ്രധാന ഇടത്താവളങ്ങളിലും നൂറുകണക്കിന് കച്ചവടക്കാരുടെ ജീവതമാർഗമാണ് നിലച്ചത്. ഇടത്താവളങ്ങളും വഴിയോരക്കച്ചവടക്കാരും നിയന്ത്രണം നീക്കുന്നത് പ്രതീക്ഷയോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.