എരുമേലി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി നടത്തിയ സാമൂഹിക ആഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് അധികൃതർ പുറപ്പെടുവിച്ചു. 149 വാർക്ക കെട്ടിടങ്ങളേയും 74 ഷീറ്റിട്ട വീടുകളെയും 30 ഓടിട്ട കെട്ടിടങ്ങളെയും പൂർണമായും പദ്ധതി ബാധിക്കും. വാർക്ക - ആറ്, ഷീറ്റ് - ഒന്ന്, ഓട് - ഒന്ന് കെട്ടിടങ്ങളെ ഭാഗികമായും ബാധിക്കും. പദ്ധതി ഉൾപ്പെടുന്ന പ്രദേശത്ത് പൊതുജനങ്ങൾ ഉപയോഗിക്കുന്ന നോയൽ മെമ്മോറിയൽ എൽ.പി.സ്കൂൾ, സെന്റ് ജോസഫ് പള്ളി എന്നിവയും ഉൾപ്പെടുന്നുണ്ട്.
എയർപോർട്ടിനായി 1039.8 ഹെക്ടർ ഭൂമിയാണ് മൊത്തം വേണ്ടത്. 916.27 ഹെക്ടർ ഭൂമി ചെറുവള്ളി എസ്റ്റേറ്റിലെയും, 123.53 ഹെക്ടർ ഭൂമി വ്യക്തികളിൽ നിഷിപ്തമായിരിക്കുന്ന സ്വകാര്യ ഭൂമിയുമാണ്. ഭൂമി ഏറ്റെടുക്കൽ 358 ഭൂ ഉടമകളെ നേരിട്ട് ബാധിക്കും. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങളെയും ഭൂമി ഏറ്റെടുക്കൽ ബാധിക്കുന്നതാണ്.
പദ്ധതി ബാധിക്കുന്നവർക്ക് പുനരധിവാസവും പുനഃസ്ഥാപനവും പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. പുനരധിവാസം, പുനഃസ്ഥാപനം, നഷ്ടപരിഹാരം എന്നിവ ലാൻഡ് അക്വിസിഷൻ ഓഫീസാണ് തീരുമാനിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥലം നഷ്ടപ്പെടുന്നവരുടെ പൂർണ വിവരവും പഠന റിപ്പോർട്ടിൽ ലഭ്യമാണ്.ഭൂമി ഏറ്റെടുക്കൽ ബാധിക്കുന്നവരുടെ ഹിയറിങ് ജൂൺ 12ന് എരുമേലി റോട്ടറി ഹാളിലും, 13ന് മുക്കട കമ്മ്യൂണിറ്റി ഹാളിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.