ശബരിമല: ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതംമൂലം മരിക്കുന്ന തീർഥാടകരുടെ എണ്ണം ഇക്കുറി ഉയരുന്നു. ശബരിമല ദർശനത്തിന് എത്തിയ 22 തീർഥാടകരാണ് മണ്ഡല പൂജക്ക് നട തുറന്ന് വെള്ളിയാഴ്ച വരെ പമ്പയിൽനിന്നുള്ള ശരണപാതയിലും സന്നിധാനത്തുമായി മരിച്ചത്.
ആരോഗ്യ പ്രശ്നങ്ങൾ അവഗണിച്ച് വിശ്രമം ഇല്ലാതെയുള്ള മലകയറ്റമാണ് ഇത്തരം സാഹചര്യങ്ങൾക്ക് വഴിയൊരുക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഈ തീർഥാടനകാലം തുടങ്ങി ശനിയാഴ്ച വരെ 98 തീർഥാടകരാണ് ഹൃദ്രോഗബാധയെ തുടർന്ന് സന്നിധാനത്തെയും നീലിമലയിലെയും പമ്പയിലെയും ആശുപത്രികളിൽ ചികിത്സ തേടിയത്.
പമ്പ- സന്നിധാനം- നീലിമല പാത കയറുന്നതിനിടയിലും അപ്പാച്ചിമേട്ടിൽ വെച്ചുമാണ് അധികം പേർക്കും ഹൃദ്രോഗ ബാധ ഉണ്ടായത്. മരിച്ച 22 പേരിൽ അധികവും മധ്യവയസ്കരാണ്. ഹൃദ്രോഗ ബാധയെ തുടർന്ന് മരിച്ചവരിൽ 19 പേർക്കും അടിയന്തര ചികിത്സ നൽകിയിരുന്നു. രോഗബാധ ഉണ്ടായാൽ അഞ്ചു മുതൽ 10 മിനിറ്റിനകം ചികിത്സ ലഭിക്കാനാവശ്യമായ സൗകര്യങ്ങളാണ് ശബരിമല പാതയിൽ ഒരുക്കിയത്.
രക്തധമനികളിലെ ബ്ലോക്ക് അലിയിച്ച് കളയാനാവശ്യമായ സംവിധാനം പമ്പ, നീലിമല, സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ധരുടെ 24 മണിക്കൂർ സേവനവും ആശുപത്രികളിൽ ലഭ്യമാണ്. പ്രാഥമിക ചികിത്സക്ക് ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കോ, കോട്ടയം മെഡിക്കൽ കോളജിലേക്കോ മാറ്റാനുള്ള സൗകര്യവും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
മുൻകരുതലുകൾ ഇല്ലാതെ വേഗത്തിൽ മല കയറുന്നതും ആഹാരം കഴിച്ച ഉടനുള്ള മലകയറ്റവും ഹൃദ്രോഗബാധക്ക് കാരണമാകുന്നു എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഹൃദ്രോഗബാധ ഉള്ളവരും മറ്റ് ആരോഗ്യ പ്രശ്നം ഉള്ളവരും ഡോക്ടറുടെ നിർദേശം അനുസരിച്ച് വേണം ശബരിമല യാത്ര നടത്തേണ്ടതെന്ന് സന്നിധാനം മെഡിക്കൽ ഓഫിസർ ഡോ. അരുൺ പറഞ്ഞു. ശബരിമല കയറുന്നവർ രണ്ടാഴ്ച മുമ്പുതന്നെ ദിവസവും അരമണിക്കൂർ നടന്ന് തയാറെടുപ്പ് നടത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.