ചെങ്ങന്നൂർ: ശബരിമല തീർഥാടന കാലയളവിൽ ചെങ്ങന്നൂർവഴി 300 സ്പെഷൽ ട്രെയിൻ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ. നട തുറക്കുന്ന നവംബർ 16 മുതൽ മകരവിളക്കുവരെ നീളുന്ന രണ്ട് മാസക്കാലയളവിലാണിത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന അയ്യപ്പഭക്തർക്കുള്ള ഒരുക്കം സംബന്ധിച്ച അവലോകന യോഗത്തിൽ തിരുവനന്തപുരം ഡിവിഷനൽ മാനേജർ ഡോ. മനീഷ്തപ്ലയാലാണ് ഇക്കാര്യം അറിയിച്ചത്.
യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സുഗമമായ തീർഥാടനത്തിന് കേന്ദ്ര-സംസ്ഥാന വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്ന് മന്ത്രി നിർദേശിച്ചു. തീർഥാടകരെ വരവേൽക്കാൻ സർക്കാർ സംവിധാനം പൂർണസജ്ജമാണ്. തിരുവിതാംകൂർ ദേവസ്വംബോർഡ് ഇൻഷുറൻസ് ഏർപ്പെടുത്തിയത് സ്വാഗതാർഹമാണ്. പ്രത്യേകം റിസർവേഷൻ കൗണ്ടർ സജീകരിക്കണം എന്നീ നിർദേശങ്ങളും മന്ത്രി നൽകി. പ്ലാറ്റ്ഫോമിൽ വിവിധ വകുപ്പുകളുടെ കൗണ്ടറുകളും ബഹുഭാഷയിലുള്ള അറിയിപ്പ് ബോർഡുകളും സ്ഥാപിക്കുമെന്നും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എല്ലാ സൗകര്യവും ഒരുക്കുമെന്നും ഡിവിഷനൽ മാനേജർ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൻ ശോഭ വർഗീസ്, ചെങ്ങന്നൂർ ആർ.ഡി.ഒ ജെ. മോബി, ഡിവൈ.എസ്.പി എം.ബി. ബിനുകുമാർ, റെയിൽവേ ഡിവിഷൻ സീനിയർ കമേഴ്സ്യൽ മാനേജർ സെൽവിൻ, സീനിയർ എൻജിനീയർ മാരിയപ്പൻ, സ്റ്റേഷൻ മാനേജർ പി.എസ്. സജി, ഡെപ്യൂട്ടി മാനേജർ സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചെങ്ങന്നൂർ: തീർഥാടകർക്ക് റെയിൽവേ സ്റ്റേഷനിൽ ഒരുക്കുന്ന സൗകര്യങ്ങളെ കുറിച്ച് നടന്ന അവലോകന യോഗം വിശ്വഹിന്ദു പരിഷത്ത് ബഹിഷ്കരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി വിളിച്ചയോഗം പ്രഹസനവും അപഹാസ്യവുമാണെന്ന് ജില്ല സെക്രട്ടറി ജി. ബിജു ചെങ്ങന്നൂർ, സെക്രട്ടറി മനു ഹരിപ്പാട് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.