ശബരിമല: മാധ്യമം വാർത്തക്ക് പിന്നാലെ മാളികപ്പുറങ്ങൾക്കും കുട്ടികൾക്കുമായി ഒരുക്കിയ പ്രത്യേക ക്യൂ സംവിധാനം ഇന്ന് രാവിലെ മുതൽ വീണ്ടും തുറന്നു നൽകി. ശബരിമല ദർശനത്തിന് എത്തുന്ന മാളികപ്പുറങ്ങൾക്കും കുട്ടികൾക്കും സുഖദർശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദേവസ്വം ബോർഡും പൊലീസും ചേർന്ന് തിങ്കളാഴ്ച പുലർച്ചെ മുതൽ സന്നിധാനത്ത് നടപ്പിലാക്കിയ പ്രത്യേക ക്യൂ സംവിധാനം ചൊവ്വാഴ്ച രാവിലെ പിൻവലിച്ചിരുന്നു.
മാളികപ്പുറങ്ങളെയും കുട്ടികളെയും അവരോട് ഒപ്പം എത്തുന്ന ഒരാളെയും നടപ്പന്തലിന്‍റെ വലതുഭാഗത്തെ ക്യൂവിലൂടെ കടത്തിവിട്ട് താഴെ തിരുമുറ്റത്തെ ഒഴിഞ്ഞു കിടക്കുന്ന വരിയിലൂടെ പതിനെട്ടാം പടിക്ക് താഴെ എത്തിക്കും വിധം സജ്ജമാക്കിയ സംവിധാനമാണ് ചൊവ്വാഴ്ച പൊലീസ് അട്ടിമറിച്ചത്. താഴെ തിരുമുറ്റത്തെ പ്രത്യേക ക്യൂവിലൂടെ വരിയിലൂടെ എല്ലാ തീർഥാടകരെയും കടത്തി വിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമം ഇന്ന് പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് രാവിലെ 9 മണിയോടെയാണ് പ്രത്യേക ക്യൂ സംവിധാനം പുനസ്ഥാപിച്ചത്.
കൂട്ടം തെറ്റാതിരിക്കുവാൻ ഒപ്പം എത്തുന്നവരെ കാത്തിരിക്കുന്നതിനുള്ള സംവിധാനവും താഴെത്തിരുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. ഇതോടെ മാളികപ്പുറങ്ങളും കുട്ടികളും അടങ്ങുന്ന ഭക്തർ അനുഭവിച്ചിരുന്ന ദുരിതത്തിന് ഏറെക്കുറെ അറുതിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.