തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ സംസ്ഥാന വ്യാപകമായി 1410 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിനിടെ ചേർന്ന പൊലീസ് ഉന്നതതല യോഗത്തിന് പിന്നാലെയാണ് കൂട്ട അറസ്റ്റ്. രാത്രി വൈകിയും കേസിലെ പ്രതികൾക്കായുള്ള പൊലീസിന്‍റെ തിരച്ചിൽ തുടർന്നു വരികയിലാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൊലീസ് വ്യാപകമായി നടത്തിയ തിരച്ചിലിലാണ് വിവിധ കേസുകളിൽ ഇത്രയും പ്രതികളെ ഒരുമിച്ച് അറസ്റ്റ് ചെയ്തത്. ഇതിൽ സ്ത്രീകളെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ റിമാൻറ് ചെയ്തിട്ടുണ്ട്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട അതിക്രമങ്ങളുടെ വിഡിയോ ദൃശ്യങ്ങളിൽ നിന്നാണ് അക്രമികളുടെ വിവരം പൊലീസ് ശേഖരിച്ചത്. അതിനു ശേഷം ഇതു ജില്ലാ പൊലീസ് മേധാവികൾക്കു കൈമാറി. എല്ലാ ജില്ലകളിലും ഇവരെ പിടികൂടാൻ പ്രത്യേക സംഘവും പൊലീസ് രൂപവൽകരിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി കൂടുതൽ പേരുടെ ചിത്രങ്ങൾ ജില്ലകളിലേക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ പലർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.

അക്രമസംഭവങ്ങൾക്ക് മുങ്ങിയ പലർക്കെതിരെയും ലുക്ക് ഒൗട്ട് നോട്ടീസുകളും ഉടൻ പുറപ്പെടുവിക്കും. ശബരിമല സന്നിധാനം, പമ്പ, കാനനപാത, നിലയ്ക്കൽ എന്നിവടങ്ങൾക്കു പുറമെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ യുവതികളെ തടഞ്ഞതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. ഏതാനും പേർക്കെതിരെ യുവതികളെ അസഭ്യം വിളിച്ചതിനും കൈയ്യേറ്റം ചെയ്തതിനു കേസെടുത്തിട്ടുണ്ട്.

വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്ത 440 കേസുകളിലായി മൂവായിരത്തോളം പ്രതികളുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പത്തനംതിട്ട ,ആലപ്പുഴ , പാലക്കാട്, തൃശൂർ ജില്ലകളില്‍നിന്നാണ് കൂടുതല്‍ അറസ്റ്റ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നായി 300 ലധികം പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റിയിൽ 76 പേരെയും റൂറലിൽ 23 പേരെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പൊലീസ് തയ്യാറാക്കിയ 210 അക്രമികളുടെ ചിത്രങ്ങളിൽ 150 പേരെ തിരിച്ചറിഞ്ഞു. ഇതിൽ പലരും പിടിയിലായതായി പൊലീസ് പറഞ്ഞു. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റ്. ഇവിടെ മാത്രം 180 പേരിലധികം പേരാണ് പിടിയിലായത്. കോഴിക്കോട് 31, എറണാകുളത്ത് 21 പേരും പിടിയിലായി.


Tags:    
News Summary - Sabarimala women Entry More People Arrested -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.