ശബരിമല ദർശനത്തിനെത്തിയ തൃപ്​തി ദേശായിയെയും കൂട്ടരെയും തിരിച്ചയച്ചു

കൊച്ചി: ശബരിമലയ്​ക്ക്​ പോകാൻ കൊച്ചിയിലെത്തിയ ഭൂമാത ബ്രിഗേഡ്​ നേതാവ്​ തൃപ്​തി ദേശായിയുടെ നേതൃത്വത്തിലെ ആ റംഗ സംഘത്തെ പൊലീസ്​ തിരിച്ചയച്ചു. സംരക്ഷണം വേണമെന്ന ഇവര​​ുടെ ആവശ്യം നിരസിച്ച പൊലീസ്​, ഒരു പകൽ നീണ്ട നാടകീയ സ ംഭവവികാസങ്ങൾക്കും ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനുമൊടുവിൽ രാത്രിയോടെ തിരിച്ചയക്കുകയായിരുന്നു​. എറണാകുള ം കമീഷണർ ഓഫിസിന്​​ മുന്നിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനിടെ സംഘാംഗം ബിന്ദു അമ്മിണിക്കുനേരെ മുളക്​ സ്​പ്രേ ആക്രമണമുണ്ടായി.

ചൊവ്വാഴ്​ച പുലർച്ച 4.35നാണ്​ തൃപ്​തിയും കൂട്ടരും പുണെയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്​. മീനാക്ഷി രാമചന്ദ്ര ഷിൻഡെ, ഹരിനാക്ഷി ബൽവന്ത്​ കംബാലെ, ഛായ പാണ്ഡുരംഗ്​ ബിരാദാർ, മനീഷ രാഹുൽ തിലേകർ, ത്രികാൽ ഭവന്ത്​ സരസ്വതി എന്നിവരായിരുന്നു മറ്റുള്ളവർ. മുഖം മറച്ച്​ പുറത്തുവന്ന ഇവർ ശബരിമലക്ക്​ പോകാൻ പൊലീസ്​ സംരക്ഷണം ആവശ്യപ്പെട്ട്​ ഏഴരയോടെ എറണാകുളത്തെ പൊലീസ്​ കമീഷണർ ഓഫിസിൽ എത്തി. കഴിഞ്ഞവർഷം ദർശനം നടത്തിയ ബിന്ദു അമ്മിണിയും ഇവരോടൊപ്പം ചേർന്നു​.

എന്നാൽ, സംരക്ഷണം നൽകാനാവില്ലെന്നും മടങ്ങിപ്പോകണമെന്നും​ ഡി.ഐ.ജിയും അഡീഷനൽ കമീഷണറുമായ കെ.പി. ഫിലിപ്പ്​ ആവശ്യപ്പെട്ടു. എന്നാൽ, അക്കാര്യം എഴുതി നൽകണമെന്നായി തൃപ്​തി. ഇതിനിടെ ബി.ജെ.പി, ഹിന്ദു ഹെൽപ് ​ലൈൻ, ശബരിമല കർമസമിതി പ്രവർത്തകർ കമീഷണർ ഓഫിസിന്​ മുന്നിൽ നാമജപം ആരംഭിച്ചു. യുവതികൾക്ക്​ പൊലീസ്​ സംരക്ഷണം നൽകരുതെന്നും ഉടൻ മടക്കി അയക്കണമെന്നുമായിരുന്നു ആവശ്യം. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്​ഥാനാർഥിയായിരുന്ന സി.ജി. രാജഗോപാലി​​െൻറ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സ്​ത്രീകളടക്കം നൂറോളം പേർ പ​ങ്കെടുത്തു.

ഇതിനിടെ, കാറിൽനിന്ന്​ ഫയലെടുക്കാൻ പുറത്തിറങ്ങിയ ബിന്ദു അമ്മിണി തിരിച്ച്​ ഓഫിസിലേക്ക്​ മടങ്ങ​വെ​ ഹിന്ദു ​ഹെൽപ്​ ലൈൻ പ്രവർത്തകൻ ശ്രീനാഥ്​ വളഞ്ഞിട്ട്​ മുളക്​ സ്​പ്രേ ആക്രമണം നടത്തുകയായിരുന്നു. ബിന്ദു രൂക്ഷമായി പ്രതികരിച്ചതോടെ വാക്​തർക്കമായി. പൊലീസ്​ ഇടപെട്ട്​ ബിന്ദുവിനെ ഉടൻ ജനറൽ ആശുപത്രിയിലേക്കും തുടർന്ന്​ സുരക്ഷിത സ്​ഥാനത്തേക്കും മാറ്റി. ശ്രീനാഥിനെ പൊലീസ്​ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്​റ്റ്​ ചെയ്​തു.

ഹിന്ദു ഐക്യവേദി നേതാവ്​ ആർ.വി. ബാബു ഉൾപ്പെടെ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ യുവതികൾക്ക്​ സംരക്ഷണം നൽകില്ലെന്ന്​ പൊലീസ്​ ഉറപ്പ്​ നൽകി. തുടർന്ന്​, സമരം അവസാനിപ്പിച്ചതായി 11.30ഓടെ നേതാക്കൾ പ്രഖ്യാപിച്ചു. എന്നാൽ, പ്രതിഷേധക്കാർ പൂർണമായി പിരിഞ്ഞുപോയില്ല. യുവതികളെ മടക്കി അയക്കാൻ വൈകുന്നതിനെതിരെ പ്രത​ിഷേധവുമായി വൈകീട്ട്​ ഏഴ്​ മണിയോടെ ഇവർ വീണ്ടുമെത്തി.

സുപ്രീംകോടതി വിധിയിലെ അവ്യക്തതയും ക്രമസമാധാനപ്രശ്​നവും പൊലീസ്​ ചൂണ്ടിക്കാട്ടിയെങ്കിലും യുവതി പ്രവേശനം സ്​റ്റേ ചെയ്യാ​ത്ത സാഹചര്യത്തിൽ ശബരിമല സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു തൃപ്​തിയും സംഘവും. എന്നാൽ, സംരക്ഷണം നൽകേണ്ടെന്ന നിയമോപദേശമാണ്​ പൊലീസിന്​ ലഭിച്ചത്​.

Tags:    
News Summary - Sabarimala Women Entry Trupti Desai Return to Mumbai -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.