തിരുവനന്തപുരം: സച്ചാർ കമ്മിറ്റി റിപ്പോർട്ട് സ്കോളർഷിപ്പിന്റെ മാത്രം പ്രശ്നമല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. റിപ്പോർട്ട് മുസ് ലിം സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങളുടെ രേഖ കൂടിയാണ്. അവകാശങ്ങൾ ചോദിക്കുമ്പോൾ വിഭാഗീയതയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സച്ചാർ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം സംഘടന നേതാക്കൾ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 16 മുഖ്യധാര മുസ്ലിം സംഘടനകളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന, സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ സച്ചാർ സംരക്ഷണ സമിതിയാണ് സമരത്തിനു നേതൃത്വം നൽകുന്നത്. സ്കോളർഷിപ് വിഷയത്തിൽ കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുകയോ നിയമ നിർമാണം നടത്തുകയോ ചെയ്യണമെന്നുമുള്ള മുസ്ലിം സംഘടനകളുടെ ആവശ്യം സർക്കാർ തള്ളിയതോടെയാണ് സംഘടനകൾ ഒറ്റക്കെട്ടായി പ്രത്യക്ഷ സമരവുമായി രംഗത്തു വരുന്നത്.
സച്ചാർ ശിപാർശകൾ പ്രത്യേക സെൽ രൂപവത്കരിച്ച് നടപ്പാക്കുക, മുന്നാക്ക-പിന്നാക്ക സ്കോളർഷിപ് തുക ഏകീകരിക്കുക, സർക്കാർ സർവിസിലെ പ്രാതിനിധ്യം സമുദായം തിരിച്ച് കണക്ക് പ്രസിദ്ധീകരിക്കുക, പിന്നാക്കം പോയവർക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ധർണക്കു ശേഷം സമിതി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.