സച്ചാർ സംരക്ഷണ സമിതി രൂപവത്കരിച്ചു; കാന്തപുരം എ.പി വിഭാഗം വിട്ടുനിന്നു

കോഴിക്കോട്​: സച്ചാർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നതിൽ കേരള സർക്കാർ വരുത്തിയ വീഴ്ചക്കെതിരെ സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായി സച്ചാർ സംരക്ഷണ സമിതി രൂപവത്കരിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം ജൂലൈ 23ന് ഓൺലൈനിൽ നടന്ന മുസ്​ലിം സംഘടനാ നേതൃയോഗ തീരുമാനമനുസരിച്ച്​ ഞായറാഴ്​ച ചേർന്ന സബ് കമ്മിറ്റി യോഗത്തിലാണ്​ സമിതി രൂപവത്കരണം. കാന്തപുരം എ.പി വിഭാഗം ഒഴികെയുള്ള പ്രധാന മുസ്​ലിം സംഘടനാ പ്രതിനിധികൾ യോഗത്തിൽ പ​ങ്കെടുത്തു. എല്ലാ സംഘടനകളുടെയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാവും.

സംരക്ഷണ സമിതി ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്​റ്റ്​ മൂന്നിന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും. വിവിധ സംഘടനകളുടെ രണ്ടു വീതം ഭാരവാഹികൾ ഇതിനെത്തും. ധർണക്കുശേഷം നേതാക്കൾ മുഖ്യമന്ത്രിക്ക്​ നിവേദനം സമർപ്പിക്കും. സമിതി ജില്ല തലത്തിൽ രൂപവത്​കരിച്ച് പ്രതിഷേധ പരിപാടികൾ നടത്തും. ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനെ വർഗീയമായി അധിക്ഷേപിക്കുന്ന പ്രവണതക്കെതിരെ ബോധവത്​കരണം നടത്തുന്നതിനും സഹോദര സമുദായങ്ങൾക്കിടയിലെ തെറ്റിദ്ധാരണ നീക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു.

സച്ചാർ റിപ്പോർട്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയപ്പോൾ കേരളത്തിലെ മുസ്​ലിം പിന്നാക്ക ജനവിഭാഗത്തിന് നിഷേധിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന്​ യോഗം ആരോപിച്ചു​. സച്ചാർ കമ്മിറ്റി പദ്ധതികൾ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് മുസ്​ലിംകൾക്ക് മാത്രമായിത്തന്നെ നടപ്പാക്കണം. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള മറ്റ് പദ്ധതികൾ ജനസംഖ്യാനുപാതികമായി നടപ്പാക്കണം. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കായി പ്രത്യേക കമീഷനുകൾ സമർപ്പിക്കുന്ന ശിപാർശകൾ നടപ്പാക്കുന്നതിന് പൂർണ പിന്തുണ നൽകും. ലളിതമായി പരിഹരിക്കാവുന്ന വിഷയം സങ്കീർണമാക്കി ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയും മുസ്​ലിം ജനവിഭാഗം അവിഹിതമായി അവകാശങ്ങൾ നേടി എന്ന പ്രതീതി സൃഷ്​ടിക്കുകയും ചെയ്യുന്ന എൽ.ഡി.എഫ് സർക്കാർ സമീപനത്തിൽ യോഗം പ്രതിഷേധിച്ചു.

സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ, പി.എം.എ. സലാം (മുസ്​ലിം ലീഗ്), ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി (സമസ്ത), ഡോ. എ.ഐ. അബ്​ദുൽ മജീദ് സ്വലാഹി (കേരള നദ്‌വത്തുൽ മുജാഹിദീൻ), പി. മുജീബ് റഹ്‌മാൻ (ജമാഅത്തെ ഇസ്​ലാമി), ടി.കെ. അഷ്‌റഫ് (വിസ്ഡം ഗ്ലോബൽ ഇസ്​ലാമിക് ഓർഗനൈസേഷൻ), ബി.പി.എ. ഗഫൂർ (കെ.എൻ.എം മർകസ്സുദഅ്‌വ), ഇ.പി. അഷ്‌റഫ് ബാഫഖി (സംസ്ഥാന ജംഇയ്യതുൽ ഉലമ), തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), കടക്കൽ അബ്​ദുൽ അസീസ് മൗലവി (ദക്ഷിണ കേരള ജമാഅത്ത് ഫെഡറേഷൻ), സി.ടി. സക്കീർ ഹുസൈൻ (എം.ഇ.എസ്), സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ (ജംഇയ്യതുൽ ഉലമ ഹിന്ദ്), ഡോ. ഖാസിമുൽ ഖാസിമി (കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ), പി.കെ. ഫിറോസ് എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.