മലപ്പുറം: പാണക്കാട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലിം ലീഗ് നേതാക്കളും തമ്മിൽ നടന്നത് ഇരുപാർട്ടിയും തമ്മിൽ തെറ്റിദ്ധാരണയിലുള്ള വിഷയങ്ങളിെല തുറന്ന ചർച്ച. കോൺഗ്രസും ലീഗും തമ്മിലുള്ള അകൽച്ച പരിഹരിക്കുന്നതിന് സഹായകമായ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു. സംഘടനദൗർബല്യങ്ങൾ പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് കോൺഗ്രസെന്ന് വി.ഡി. സതീശൻ ചർച്ചക്കിടെ പറഞ്ഞു. ഇതിനായി എല്ലാ ജില്ലകളിലും നേതൃതല കൺവെൻഷനുകൾ നടക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ പ്രവർത്തനസജ്ജമായ സംഘടനരീതി കോൺഗ്രസ് വാർത്തെടുക്കുമെന്നും സതീശൻ പറഞ്ഞു.
എൽ.ഡി.എഫ് സർക്കാറിനോട് ലീഗിന് മൃദുസമീപനമാണെന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഒരുകാര്യത്തിലും നിശിതവിമർശനത്തിനോ തീവ്രസമരങ്ങളിലേക്കോ ലീഗ് പോവാറില്ല. സർക്കാറിനെതിരെ താഴെത്തട്ടിൽ വലിയ ജനകീയ പ്രതിരോധം തീർക്കുന്നതാണ് ലീഗിന്‍റെ ശൈലി. അത് ലീഗ് കാര്യമായി നടത്തുന്നുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
എൽ.ഡി.എഫിനെതിരെ ശക്തമായ പൊതുജന വികാരം നിലനിൽക്കുന്നുണ്ട്. അത് പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം. സർക്കാറിനെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച കുറ്റവിചാരണ സദസ്സുകളിൽ 140 മണ്ഡലങ്ങളിലും കോൺഗ്രസിന്‍റെയും ലീഗിന്‍റെയും മുതിർന്ന നേതാക്കളെ പങ്കെടുപ്പിക്കാനും ചർച്ചയിൽ ധാരണയായി.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, ജില്ല പ്രസിഡന്‍റ് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവരാണ് ലീഗിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തത്. ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ്, കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി എന്നിവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.