സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമി അനുയായിയുടെ മട്ടിൽ പെരുമാറുന്നു; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

പാലക്കാട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ ഒരു അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണെന്നും നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാര്‍ത്ത വായിച്ചപ്പോള്‍ പണ്ട് ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവമാണ് ഓര്‍ത്തുപോയത്. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍.എസ്.എസിന്‍റെ നേതൃത്വത്തിലുള്ള സംഘപരിവാറായിരുന്നു. പക്ഷേ, അവര്‍ക്ക് ആവശ്യമായ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറുമാണ്. ആഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം മുസ്ലീം ലീഗ് മന്ത്രിസഭയിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്‍റെ നിലപാടുകളോട് പ്രതിഷേധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു. പക്ഷേ മന്ത്രിസ്ഥാനം വിട്ടുകൊടുത്തുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ലീഗ് നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലീഗ് അണികളും മതന്യൂനപക്ഷങ്ങളും ഇന്നലെ വരെ സന്ദീപ് വാര്യർ സ്വീകരിച്ച നിലപാട് അറിയുന്നവരാണ്. ബി.ജെ.പി വിട്ടെത്തിയ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച രാവിലെ പാണക്കാട് തറവാട്ടിലെത്തിയ സന്ദീപിനെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെയുള്ളവർ ചേർന്നാണ് സ്വീകരിച്ചത്.

കെ.പി.സി.സി നിർദേശപ്രകാരമാണ് സന്ദീപ് പാണക്കാട്ടെത്തിയത്. പാലക്കാട്ടെ കോൺഗ്രസ്, ലീഗ് നേതാക്കൾ സന്ദീപിനൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - Sadiqali Thangal behaves like a follower of Jamaat-e-Islami -Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.