തിരുവനന്തപുരം: പണിതീരാത്ത വീടുകളുടെ പൂർത്തീകരണത്തിനും പുനരുദ്ധാരണവും ലക്ഷ്യമിട്ട് സേഫ് പദ്ധതിയുമായി പട്ടികവർഗവകുപ്പ്. സേഫ് (സുരക്ഷിതമായ താമസസൗകര്യവും സൗകര്യ വർധനയും) പദ്ധതിക്ക് അംഗീകാരം നൽകി ഉത്തരവ്. നിലവിലെ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തി സേഫ് നടപ്പാക്കുന്നത്.
നിലവിലുള്ള ഭവന പുനരുദ്ധാരണത്തിന് 1.50 ലക്ഷമാണ് ധനസഹായം അനുവദിച്ചിരുന്നത്. 2006 മുതൽ നിർമാണം പൂർത്തീകരിച്ച പട്ടികവർഗ വീടുകളിൽ നവീകരണം, അധിക സൗകര്യങ്ങൾ ആവശ്യമുള്ളവ നവീകരിച്ച് സുന്ദരഭവനം സുരക്ഷിത ഭവനം' എന്ന ലക്ഷ്യത്തോടെ വാസയോഗ്യമാക്കുന്നതിനാണ് സേഫ് പദ്ധതി നടപ്പിലാക്കുന്നത്. സേഫിന് ഗുണഭോക്താക്കൾക്ക് 2.50 ലക്ഷം രൂപ നിരക്കിൽ ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികവർഗ ഡയറക്ടർ കത്ത് നൽകിയിരുന്നു.
പട്ടികവർഗക്കാർ അധികവും അധിവസിക്കുന്നത് അതിവ ദുർഘടപ്രദേശങ്ങളിലാണ്. അതിനാൽ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധന സാമഗ്രികൾ എത്തിക്കുന്നതിനു തന്നെ അനുവദിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും ചെലവഴിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്.
വിവിധ സർക്കാർ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ച് നിർമ്മിച്ചിട്ടുള്ളവയിൽ ഭിത്തി തേയ്ക്കാത്ത, തറയിടാത്ത, ജനൽ വാതിലുകൾ ഇല്ലാത്ത, നല്ല അടുക്കളയും ശൗചാലയവും ഇല്ലാത്ത ധാരാളം ഭവനങ്ങൾ പട്ടികവർഗ മേഖലകളിലുണ്ട്. സാങ്കേതികമായി ഇവയെല്ലാം വീടുകളാണ്. ശോച്യമായ അവസ്ഥയിലുള്ള വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് വാസയോഗ്യമായ വീട് എന്ന സ്വപ്നം സഫലമാക്കിയാൽ ഈ കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിന് സാധിക്കും.
അതിനാലാണ് വ്യവസ്ഥകൾക്ക് വിധേയമായി സേഫ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടത്തിപ്പിലാക്കാൻ ആവശ്യമായ തുക നടപ്പുവർഷം ഭവനപൂർത്തീകരണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള 'ഭവന നിർമ്മാണം അപൂർണമായ വീടുകളുടെ പൂർത്തീകരണം" എന്ന ശീർഷകത്തിൽ വകയിരുത്തിയ തുകയിൽ നിന്നും ചെലവഴിക്കുന്നതിനുമാണ് ഉത്തരവ്.
വാതിലുകളും ജനലുകളും സ്ഥാപിക്കൽ, അടുക്കള നിർമാണം, അടുക്കള നവീകരണം, കിച്ചൺ സ്ലാബ്, ഷെൽഫ്, (അടുപ്പ് ഉൾപ്പെടെ), അഡീഷണൽ റും നിർമിക്കൽ, ഫ്ളോറിങ് ടൈൽ പാകൽ, വയറിങ്, വൈദ്യുതി കണക്ഷൻ ലഭ്യമാക്കൽ (ഇ.എൽ.സി.ബി സഹിതം), ഫാൻ, ലൈറ്റ് സ്ഥാപിക്കൽ പ്ലംബിംഗ് പ്രവർത്തികൾ നടത്തി വീട്ടിനുള്ളിൽ അടുക്കളയിലും ടോയ്ലറ്റിലും വെള്ളം പൈപ്പ് വഴി ലഭ്യമാകുന്ന രീതി, ഭിത്തികൾ ബലപ്പെടുത്തൽ, വീടുകളുടെ ചുവർ തേച്ച് പെയിന്റ് ചെയ്യൽ, മേൽക്കൂര നവീകരണം, ടോപ്പ് പ്ലാസ്റ്ററിങ്ങ്. ശുചിത്വ ടോയ്ലറ്റ് നിർമാണം തുടങ്ങിയവയാണ് പദിധതിയിലുള്ളത്.
അർഹതാ മാനദണ്ഡങ്ങൾ
2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളതും 2010 ഏപ്രിൽ ഒന്നിന് ശേഷം നിർമിച്ചതുമായ വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. വീട് അപേക്ഷകന്റെയോ, ഭാര്യ-ഭർത്താവിന്റെയോ പേരിൽ ആയിരിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ, ഭവന പുനരുദ്ധാരണത്തിനോ, ഭവന പൂർത്തീകരണത്തിനോ സർക്കാർ ധനസഹായം ലഭിച്ചവരും മുൻ വർഷങ്ങളിൽ അനുവദിച്ച ധനസഹായത്തിന്റെ അവസാന ഗഡു അഞ്ച് വർഷത്തിനുള്ളിൽ കൈപ്പറ്റിയവരെയും ഈ പദ്ധതിയിൽ പരിഗണിക്കുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.