സഹിലിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയവർ. ഉൾച്ചിത്രത്തിൽ സഹിൽ

സഹിലിന്റെ വേർപാട് നാടിന് നൊമ്പരമായി

മണ്ണഞ്ചേരി: മുറിച്ച് മാറ്റവേ തെങ്ങ് ചുവടോടെ മറിഞ്ഞ് അപകടത്തിൽ മരിച്ച സഹിലിന്റെ വേർപാട് നാടിന്റെ നൊമ്പരമായി. എല്ലാവരും ഇക്രു എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന സഹിൽ നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു. ആര്യാട് പഞ്ചായത്ത്‌ ഒമ്പതാം വാർഡ് പരുത്തിച്ചിറ വീട്ടിൽ പരേതനായ സിയാദിന്റെ മകൻ സഹിൽ എന്ന ഇക്രു (34) സെപ്റ്റംബർ 10നാണ് അപകടത്തിൽപെട്ടത്.

മണ്ണഞ്ചേരി കുളവേലിൽ വീട്ടിലെ തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം. സുരക്ഷാ ബെൽറ്റ്‌ ധരിച്ച് കയറിയ സഹിൽ തെങ്ങിന്റെ തലഭാഗം മുറിച്ച ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെ തെങ്ങ് ചുവടോടെ മറിഞ്ഞ് നിലം പതിക്കുകയായിരുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് കളരിക്കൽ വെളിയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന സഹിൽ പ്രളയത്തിലും കോവിഡ് സമയത്തും അഭിനന്ദനാർഹമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ചിരുന്നു. സജീവ എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്നു.

അപകടത്തിന് ഏതാനും ദിവസം മുമ്പ് മണ്ണഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കനത്ത കാറ്റിലും മഴയിലും പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ ഉൾപ്പടെ നിരവധി മരങ്ങൾ കടപുഴകി വീണിരുന്നു. ഇവിടെ രക്ഷാപ്രവർത്തനത്തിനും മറ്റും ആദ്യം ഓടിയെത്തി മരങ്ങൾ വെട്ടി നീക്കിയിരുന്നു. നിർധനനായ സഹിലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ആര്യാട് പഞ്ചായത്തിന്റെയും പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ സഹായ സമിതിയും വാട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ച് ചികിത്സാ ചെലവും കണ്ടെത്തിയിരുന്നു. ചികിത്സയിൽ തുടരവെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വൈകീട്ട് തെക്കനാര്യാട് മഹല്ല് മദ്റസ ഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ദേഹം വടക്കനാര്യാട് മഹല്ല് ഖബർസ്ഥാനിൽ രാത്രി ഏഴരയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. തുടർന്ന് അനുശോചന സമ്മേളനവും സംഘടിപ്പിച്ചു.

സമ്മേളനത്തിൽ അഫ്സൽ കേവേലിൽ അധ്യക്ഷത വഹിച്ചു. നവാസ് നൈന, സി.സി. നിസാർ, എം.പി. ജോയി, ഷംസുദ്ദീൻ, ഭുവനേന്ദ്രൻ, റഹിം പൂവത്തിൽ, അബ്ദുൽ മജീദ്, മുജീബ് പള്ളിവെളി, ബാബു റോഡ്മുക്ക്, ഷാനവാസ് പുത്തൻ കണ്ടത്തിൽ, റിയാസ് പൊന്നാട് തുടങ്ങിയവർ പങ്കെടുത്തു.


Tags:    
News Summary - sahil obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.