ദുബൈ: പ്രവാസ ലോകത്തെയും മലയാള നാടിനെയും ഒരുപോലെ നടുക്കിയ കരിപ്പൂർ വിമാന അപകടത്തിൽ ഏവരെയും കരയിപ്പിച്ച വേർപാടായിരുന്നു സാഹിറാ ബാനു എന്ന യുവതിയുടെയും പത്തുമാസം പ്രായമുള്ള കുഞ്ഞിെൻറയും. എന്നാൽ മരണത്തിനിപ്പുറവും അവരുടെ ഓർമകളും നൻമകളും തിളക്കം മായാതെ നിലനിൽക്കുമെന്നുറപ്പ്. അപകടത്തിൽപ്പെട്ടവരുടെ സാധനസാമഗ്രികൾ അധികൃതർ കൈമാറിയപ്പോൾ അവ എന്തു ചെയ്യണമെന്നതിൽ സാഹിറയുടെ ബന്ധുക്കൾക്ക് സംശയമേതുമുണ്ടായിരുന്നില്ല.
യു.എ.ഇയിൽ നിന്ന് നാട്ടിലേക്കുള്ള അവസാന വിമാന യാത്ര സമയത്ത് സാഹിറ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ, ഭർത്താവ് നൽകിയ വിദേശ കറൻസി എന്നിവയെല്ലാം ഉൾപ്പെടുന്ന കവർ അവർ സമ്മാനിച്ചത് ദുരിത ജീവിതം നയിക്കുന്ന മനുഷ്യരുടെ വേദന അകറ്റുവാനുള്ള നിധിയിലേക്കാണ്.
സാഹിറയുടെ പ്രിയതമനും യു.എ.ഇയിലെ സാമൂഹിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമായ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി നിജാസ് മക്കളായ ലഹാൻ മുഹമ്മദ്, മറിയം, പിതാവ്, സഹോദരൻ എന്നിവർക്കൊപ്പം പീപ്പിൾസ് ഫൗണ്ടേഷന് നേതൃത്വം വഹിക്കുന്ന ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷൻ പി. മുജീബ് റഹ്മാനെ കണ്ട് ഈ നിധി കൈമാറി. ദരിദ്ര ജനസമൂഹങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു വരുന്ന വിഷൻ 2026 പദ്ധതിക്കു കീഴിലെ സംരംഭങ്ങൾക്കായി ഈ സംഭാവന ഉപയോഗപ്പെടുത്തുമെന്ന് മുജീബ് റഹ്മാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.