തൃശൂർ: സാഹിത്യ അക്കാദമി പ്രസിഡന്റായി നിയമിതനായ കവി കെ. സച്ചിദാനന്ദനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു സന്ദർശിച്ചു. വടൂക്കര ഹരിത നഗറിലെ സച്ചിദാനന്ദന്റെ വീട്ടിലെത്തിയ മന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. സച്ചിദാനന്ദൻ
സാഹിത്യ അക്കാദമി പ്രസിഡന്റായത് അഭിമാനകരമായി കാണുന്നുവെന്നും സാഹിത്യ അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ വരവ് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
എം.എ. ബേബി സംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന കാലം മുതൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാകാനുള്ള ക്ഷണം ഉണ്ടായിരുന്നതാണെന്നും തന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തി അക്കാദമിയെ കൂടുതൽ സജീവമാക്കാൻ ശ്രമിക്കുമെന്നും കെ. സച്ചിദാനന്ദൻ പ്രതികരിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയായ കെ. സച്ചിദാനന്ദൻ ഏറെനാൾ നീണ്ട ഡൽഹി വാസത്തിനുശേഷം അടുത്തിടെയാണ് വടൂക്കരയിൽ താമസമാക്കിയത്.
കവി, നിരൂപകൻ, വാഗ്മി എന്നീ നിലകളിൽ രാജ്യാന്തര പ്രശസ്തി നേടിയ അദ്ദേഹം ഇന്ദിരാഗാന്ധി ഓപ്പൺ യൂനിവേഴ്സിറ്റിയിലെ പ്രഫസറായിരുന്നു. ഏറെക്കാലം കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കഥാകൃത്ത് വൈശാഖൻ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് കെ. സച്ചിദാനന്ദന് ചുമതല നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.